ഭോപ്പാൽ: പാമ്പ് കടിയേറ്റ് ചികിത്സക്കെത്തിയ രോഗിക്ക് സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽവച്ച് നൽകിയത് മന്ത്രവാദ ചികിത്സ. ഇതിന് ഒത്താശ ചെയ്തു നൽകിയത്. ആശുപത്രിയിലെ ജീവനക്കാരും. മധ്യപ്രദേശിലെ ഷിയൊപുർ ജില്ലയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്.
പാമ്പ് കടിയേറ്റ രാഥോറാമിനെ രക്ഷിക്കാനെന്ന് പറഞ്ഞ് താന്ത്രിക് പുരുഷോത്തം ബർവ എന്നയാൾ മന്ത്രവാദം നടത്തുകയായിരുന്നു. മന്ത്രവാദം തടയുന്നതിന് പകരം നിശബ്ദരായി ഓത്താശ ചെയ്തുകൊടുക്കുകയാണ് ആശുപത്രി അധികൃതർ ചെയ്തത്.
ഇരുപത് മിനിറ്റോളം മന്ത്രവാദം നീണ്ടുനിന്നു. സംഭവമറിഞ്ഞ് ആശുപത്രിയിലേക്ക് മാധ്യമ പ്രവർത്തകർ എത്തിയതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. സ്ട്രെക്ചറിൽ ഡ്രിപ്പ് ഇട്ട് കിടക്കുകയായിരുന്ന രോഗിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് രോഗി ആശുപത്രി അധികൃതരോട് പരാതി പറഞ്ഞതോടെ മന്ത്രവാദി സ്ഥലം കാലിയാക്കുകയായിരുന്നു.
തന്റെ ചികിത്സകൊണ്ടാണ് രോഗി രക്ഷപ്പെട്ടത് എന്നാണ് മന്ത്രവാദി പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാണ്. ആശുപത്രിയിൽ രോഗിയെ മന്ത്രവാദി ചികിത്സിച്ചതിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും റെസിഡെന്റ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.