ഗോപാലസേനയ്ക്ക് മുന്നിൽ കീഴടങ്ങില്ല: കയ്യേറ്റക്കാർക്ക് മറുപടിയുമായി ബൽറാം
സംരക്ഷിച്ചവർക്ക് നന്ദി അറിയിച്ച് ബൽറാം
തൃത്താലയിലുണ്ടായ കയ്യേറ്റ ശ്രമങ്ങള്‍ക്ക് പ്രതികരണവുമായി വിടി ബല്‍റാം എം എല്‍ എ. ഗോപാലസേനക്ക് കീഴടങ്ങില്ലെന്നും എന്നെ സംരക്ഷിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നന്ദിയെന്നുമാണ് ബല്‍റാം തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ബല്‍റാം തൃത്താലയില്‍ ഒരു സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ കല്ലേറും ഉന്തും തള്ളുമുണ്ടായി. ബല്‍റാമിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി ലാത്തിച്ചാര്‍ജ്ജ് നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ ഇതുവരെയും പിരിഞ്ഞുപോയിട്ടില്ല.
ബല്‍റാമിനെതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറിയാണ് ബല്‍റാമിന് നേരെ ചീമുട്ട വലിച്ചെറിഞ്ഞത്. തുടര്‍ന്ന് ഇരു വിഭാഗത്തേയും പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഉന്തും തള്ളും കല്ലേറും നടന്നു. സംഘര്‍ഷത്തില്‍ എസ് ഐയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ബല്‍റാമിനെതിരെ പ്രതിഷേധം ഉണ്ടാവാന്‍ ഇടയുണ്ടെന്നും പൊതു പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും പോലീസ് നേരത്തെ ആവശ്യപ്പെ്ട്ടിരുന്നു. ഈ ആവശ്യം നിരാകരിച്ചാണ് എംഎല്‍എ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
അതേസമയം, വിടി ബല്‍റാമിനെതിരെ കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് നാളെ യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് തൃത്താലയിൽ ഹർത്താൽ ആചരിക്കുക.