'നാണമില്ലാത്തവന്റെ ആസനത്തിൽ ഒരു ആല് കൂടി മുളച്ചിരിക്കുന്നു'; മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് വിഎസ്
തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേരള ഭരണ പരിഷ്‌കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ രംഗത്ത്.തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102ആം സ്ഥാനത്തായതടക്കം നിരവധി കാര്യങ്ങളുന്നയിച്ചാണ് സർക്കാരിനെതിരെ വിഎസ് വിമർശിക്കുന്നത്.
വിഎസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
ഇന്ത്യ മുന്നേറുകയാണത്രെ!
നാണമില്ലാത്തവന്‍റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം കിട്ടി എന്നാണ് പുതിയ വാര്‍ത്ത. പാക്കിസ്ഥാനെയും പിന്തള്ളി ഇന്ത്യ നൂറ്റി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്.
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് നല്‍കിക്കഴിഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നതും തൊഴിലില്ലായ്മ ഉയര്‍ന്നതുമാണത്രെ കാരണം. ലോക ബാങ്ക് പറഞ്ഞിട്ടൊന്നും വേണ്ട, ഇന്ത്യക്കാര്‍ ഇക്കാര്യം അറിയാന്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും വരുത്തിവെച്ച വിന ഭീതിദമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്.