അഭിനയം നിർത്തുന്നു, ആത്മഹത്യയുടെ വക്കിലെത്തി: സാമുവൽ റോബിൻസൺ
തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെട്ടതും പരസ്യകരാറില്‍ നിന്നും പുറത്തായതുമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ എന്നാണ് സാമുവല്‍ ഫേസ്ബുക്ക് കുറിപ്പ് വഴി അറിയിച്ചിരിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ച നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണെ നമ്മളാരും മറന്നിട്ടുണ്ടാകില്ല. ഇപ്പോഴിതാ സിനിമാ അഭിനയത്തില്‍ നിന്നും തന്നെ വിട്ടുനില്‍ക്കുകയാണെന്ന് അറിയിച്ച് താരം ഫേസ്ബുക്ക് വഴി കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി സിനിമകള്‍ നഷ്ടപ്പെട്ടതും പരസ്യകരാറില്‍ നിന്നും പുറത്തായതുമാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍ എന്നാണ് സാമുവല്‍ ഫേസ്ബുക്ക് കുറിപ്പ് വഴി അറിയിച്ചിരിക്കുന്നത്.
സാമുവല്‍ റോബിന്‍സണിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇന്ന് ഞാന്‍ അഭിനയ ജീവിതത്തില്‍ നിന്നും വിരമിക്കുന്നു. കഴിഞ്ഞ വര്‍ഷം എന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു. ഞാന്‍ വിഷാദരോഗത്തിനടിമയായി ജീവിതം തന്നെ അവസാനിപ്പിക്കാറായ അവസ്ഥയിലായിരുന്നു. കയറും ആത്മഹത്യാ കുറിപ്പും എല്ലാം ഞാന്‍ തയ്യാറാക്കി വെച്ചിരുന്നു. ഇതെന്റെ ജീവിതത്തിലെ എന്നെത്തയും അവസാന ഫോട്ടോയാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ ഈ വഴി എന്റെ തെരഞ്ഞെടുപ്പായിരുന്നു. എന്റെ മാതാപിതാക്കളെല്ലാം മരണപ്പെട്ടു, പതിഞ്ചാം വയസ്സ് മുതല്‍ എന്റെ കാര്യങ്ങളെല്ലാം ഞാന്‍ ഒറ്റക്ക് തന്നെയാണ് ചെയ്യുന്നത്. ഞാന്‍ എന്റെ എല്ലാം സമര്‍പ്പിച്ച് എന്റെ കഠിനാധ്വാനത്താല്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ എനിക്ക് വിജയിക്കാനായി.
കഴിഞ്ഞ വര്‍ഷം രാജ്കുമാര്‍ സന്തോഷി വഴി ബോളിവുഡില്‍ നിന്നും എ.ഐ.ബിയില്‍ നിന്നും ഓഫറുകള്‍ ലഭിച്ചു. വലിയ താരങ്ങള്‍ അഭിനയിക്കുന്ന തമിഴ്‍ സിനിമയിലും വലിയ നൈജീരിയന്‍ സിനിമകളിലും പ്രശസ്ത ബ്രാന്‍ഡുകളുടെ പരസ്യത്തിലും അവസരത്തിനായി ഓഫര്‍ ലഭിച്ചു. എന്റെ സ്വപ്നത്തിലുള്ള പകുതി ഓഫറുകളും എനിക്ക് ലഭിക്കുകയും പിന്നീട് എല്ലാം തന്നെ എനിക്ക് നഷ്ടപ്പെടുകയുമുണ്ടായി. രാജ്കുമാര്‍ സന്തോഷി സംവിധാനം ചെയ്യുന്ന രണ്‍വീര്‍ സിംഗ് നായകനായ ചിത്രം നിര്‍മാതാക്കള്‍ ഉപേക്ഷിച്ചു, സംവിധായകന് നേരെ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് എ.ഐ.ബി പ്രൊജക്ടും നഷ്ടപ്പെട്ടു. പിന്നീട് വന്ന തമിഴ് പ്രൊജക്‌ട് അത്ര നല്ലതായി തോന്നിയില്ല. എന്റെ നൈജീരിയന്‍ സിനിമാ പ്രൊജക്‌ട് നൈജീരിയന്‍/ദക്ഷിണാഫ്രിക്കന്‍ പ്രൊജക്ടായി രൂപകല്‍പ്പന ചെയ്തതിനാലും ദക്ഷിണാഫ്രിക്കയില്‍ വിദേശികള്‍ക്ക് നേരെ ആക്രമണം പതിവായതിനാലും എനിക്ക് നഷ്ടപ്പെട്ടു. കമ്ബനിയുടെ ലൈസന്‍സ് അവസാന നിമിഷം നഷ്ടപ്പെട്ടതിനാല്‍ എന്റെ ബ്രാന്‍ഡ് പരസ്യവും എനിക്ക് നഷ്ടമായി. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. എന്റെ നിയന്ത്രണത്തിലല്ലാതെ തന്നെ ചില പ്രൊജക്ടുകള്‍ക്ക് ഞാന്‍ സമ്മതിച്ചെങ്കിലും അതൊന്നും എനിക്ക് യാതൊന്നും തന്നെ തിരികെ തന്നില്ല. അതെല്ലാം എനിക്ക് ഭീകരമായും ശൂന്യമായും തോന്നി. ആ സമയത്താണ് ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതും ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുന്നതും. പക്ഷെ ഞാനത് ചെയ്തില്ല. അവസാന നിമിഷം എന്നോട് സംസാരിക്കാന്‍ തയ്യാറായ എന്റെ സുഹൃത്തുക്കള്‍ക്കും തെറാപ്പിസ്റ്റിനും ഞാന്‍ നന്ദി പറയുന്നു.