Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജേക്കബ് തോമസ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ താല്‍പ്പര്യം ഒന്നുമാത്രം; അങ്ങനെ സംഭവിച്ചാല്‍ അഞ്ചാം വർഷം ഭരണമാറ്റമെന്ന പതിവ് മാറിയേക്കാം

പ്രതിപക്ഷത്തിന്റെ ഭാവി ജേക്കബ് തോമസിന്റെ കൈയില്‍; അഞ്ചാം വർഷം ഭരണമാറ്റമെന്ന പതിവ് ഉണ്ടാകില്ല

ജേക്കബ് തോമസ് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ താല്‍പ്പര്യം ഒന്നുമാത്രം; അങ്ങനെ സംഭവിച്ചാല്‍ അഞ്ചാം വർഷം ഭരണമാറ്റമെന്ന പതിവ് മാറിയേക്കാം

ജിയാന്‍ ഗോണ്‍‌സാലോസ്

തിരുവനന്തപുരം , വ്യാഴം, 20 ഒക്‌ടോബര്‍ 2016 (20:36 IST)
വിജിലന്‍‌സ് മേധാവി സ്ഥാനത്തു നിന്നും നീക്കണമെന്ന് ജേക്കബ് തോമസ് ആവശ്യപ്പെട്ട വാര്‍ത്ത ഞെട്ടലോടെയാണ് പ്രതിപക്ഷമറിഞ്ഞത്. ഇതോടെ യുഡിഎഫിന്റെ പല കോണുകളിലും സന്തോഷം അലയടിക്കുകയും ചെയ്‌തു. എന്നാല്‍ ആ ആഹ്ലാദത്തിന് അധികം ആയുസുണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഏല്‍പ്പിച്ച സ്ഥാനത്തു തുടരുമെന്ന സൂചന ജേക്കബ് തോമസ് നല്‍കിയതോടെയാണ് കോണ്‍ഗ്രസിന്റെ സമനില വീണ്ടും തെറ്റിയത്.

വിജിലന്‍‌സ് മേധാവി സ്ഥാനത്തു നിന്നും ജേക്കബ് തോമസ് മാറുന്നുവെന്ന വാര്‍ത്ത പ്രതിപക്ഷത്തിന് ഇത്രയധികം സന്തോഷം പകരാന്‍ എന്താണ് കാരണമെന്ന് ചോദിച്ചാല്‍ വിജിലന്‍‌സ് മേധവിയെടുക്കുന്ന നടപടികളാണെന്ന് വ്യക്തം. കോണ്‍ഗ്രസിലെ ഉന്നതന്‍‌മാര്‍ക്കെതിരേയാണ് ഇപ്പോള്‍ വിജിലന്‍‌സ് അന്വേഷണങ്ങള്‍ നടക്കുന്നത്. കെ ബാബു മുതല്‍ സി എന്‍ ബാലകൃഷ്‌ണന്‍ വരെ ഈ പട്ടികയിലുണ്ട്. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസ് തുടര്‍ന്നാല്‍ കോണ്‍ഗ്രസിലെ ഉന്നതന്മാര്‍  വിജിലന്‍‌സിന്റെ പൂട്ടിലാകുമെന്ന് പ്രതിപക്ഷത്തിനറിയാം.

webdunia


പരൽ മീനുകൾ കുടുങ്ങുകയും വമ്പൻ സ്രാവുകൾ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥ പിന്തുടരുന്ന വ്യക്തിയല്ല ജേക്കബ് തോമസ് എന്നതാണ് രമേശ് ചെന്നിത്തലയെ ഭയപ്പെടുത്തുന്നത്. വിജിലന്‍‌സ് കേസുകള്‍ പിടിമുറുക്കിയാല്‍ കോണ്‍ഗ്രസില്‍ ആരും ഉണ്ടാകില്ലെന്നും ചെന്നിത്തലയ്‌ക്കറിയാം. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ നിലപാട് ജേക്കബ് തോമസ് ഭംഗിയായി നടപ്പാക്കിയാല്‍ വീണ്ടും അധികാരം കിട്ടുമെന്ന പ്രതിപക്ഷത്തിന്റെ ആശയും അസ്ഥാനത്താകും. അഴിമതിക്ക് അറുതിവരുത്താനുള്ള ശ്രമവുമായി സർക്കാർ മുന്നോട്ടുപോയാൽ അഞ്ചാം വർഷം ഭരണമാറ്റമെന്ന പതിവ് പോലും മാറിയേക്കാം. അന്വേഷണങ്ങൾ പ്രഹസനമാകാതിരുന്നാൽ അഴിമതിവിരുദ്ധ വികാരം ശക്തിപ്പെടുക തന്നെ ചെയ്യും.

ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഐഎഎസ് - ഐപിഎസ് ലോബി ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ ജേക്കബ് തോമസിന്റെ മനം മടുപ്പിച്ചത്. തേജോവധം ചെയ്യാന്‍ ഉന്നതതല നീക്കം നടക്കുന്നതായും അഴിമതിക്കാരന്‍ എന്ന ലേബല്‍ ചാര്‍ത്തിത്തരാന്‍ അണിയറയില്‍ ശക്തമായ നീക്കം നടക്കുന്നതായും അദ്ദേഹത്തിന് വ്യക്തമായതിനാലാണ് പദവിയൊഴിയാന്‍ ജേക്കബ് തോമസ് താല്‍പ്പര്യം കാണിച്ചത്.

webdunia


ഭരണതലപ്പത്തുള്ള അഞ്ചോളം ഐഎഎസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. അത്രയും തന്നെ ഐപിഎസുകാരും അന്വേഷണം നേരിടുന്നുണ്ട്. ഇവരെ കൂട്ടു പിടിച്ചാണ് പ്രതിപക്ഷം ജേക്കബ് തോമസിനെതിരെ കളികള്‍ കളിക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ അഴിമതികളില്‍ ഭാഗികമായും പങ്കാളികളായവരാണ് ഇവരെല്ലാം. എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതും പിണറായി വിജയനെ പോലെ അതിശക്തനായ നേതാവ് മുഖ്യമന്ത്രിയായതുമാണ് ഐഎഎസ് - ഐപിഎസ് ലോബികളെ കൂടുതല്‍ വെട്ടിലാക്കിയത്.

പിണറായിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന് നിയോഗിക്കപ്പെട്ടത് ജേക്കബ് തോമസ് ആയതോടെ ഐഎഎസ് - ഐപിഎസ് ലോബികള്‍ ഉണരുകയും ചെയ്‌തു. സര്‍ക്കാര്‍ അഴിമതിക്കേസുകളില്‍ അന്വേഷണം ശക്തമാക്കുകയും കൂടുതല്‍ പേര്‍ കുടുങ്ങുമെന്ന് വ്യക്തമാകുകയും ചെയ്‌തതോടെയാണ് പ്രതിപക്ഷത്തിന്റെ വലയില്‍ വീണ ഐഎഎസ് - ഐപിഎസ് ലോബികള്‍ പഴയ ഫയലുകള്‍ കുത്തിപ്പൊക്കി ജേക്കബ് തോമസിനെ വേട്ടയാടിയത്.  

webdunia


കര്‍ണാടകയിലുള്ള ഭൂമി സംബന്ധിച്ചും അവധിയെടുത്ത് കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചപ്പോള്‍ രണ്ടു ശമ്പളം കൈപ്പറ്റിയെന്നതടക്കമുള്ള ആരോപണം സജീവമാക്കാനാണ് പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഐഎഎസ് - ഐപിഎസ് ലോബികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ജേക്കബ് തോമസ് വരും ദിവസങ്ങളില്‍ എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയേണ്ടതാണ്. അദ്ദേഹത്തിന് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയും എത്രമാത്രമുണ്ടെന്ന് ഇനിയാണ് അറിയാന്‍ പോകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്‌റ്റാലിനെ രാഷ്‌ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ച് കരുണാനിധി; തീരുമാനം അഴഗിരിക്ക് വൻതിരിച്ചടിയുണ്ടാക്കും