സെക്രട്ടേറിയറ്റ് അടച്ചുപൂട്ടി ഒളിച്ചോടുന്ന ആദ്യത്തെ സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍. തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണിന്റെ പേരില്‍ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ഭരണസിരാകേന്ദ്രം അടച്ചുപൂട്ടി ഒളിച്ചോടരുത്.
രോഗം മൂര്‍ച്ഛിച്ചാലും പ്രകൃതി ക്ഷോഭിച്ചാലും ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് സര്‍ക്കാരിലാണ്. സാമൂഹ്യ കരാറിന്റെ ഭാഗമായി ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് ലംഘിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ തിരുവനന്തപുരത്ത് രാത്രി പ്രഖ്യാപിച്ചത് അശാസ്ത്രീയമാണ്. അവശ്യസാധനങ്ങള്‍ ഇല്ലാതെ ജനം വലയുകയാണ്. പച്ചക്കറിയും, പഴങ്ങളും ചന്തയില്‍ എത്തിയശേഷം ചീഞ്ഞളിയുന്ന സ്ഥിതിയാണ് പലേടത്തും. തകര്‍ന്ന വിപണിയുടെ തലയ്ക്ക് വീണ്ടും അടിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
ബാങ്കുകളും, സഹകരണ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അരപ്പവന്‍ പണയം വെയ്ക്കാന്‍ പോലും കഴിയാതെ ജനങ്ങള്‍, പ്രത്യേകിച്ചും ചികിത്സ തേടുന്ന രോഗികള്‍ നട്ടംതിരിയുകയാണെന്നും അശാസ്ത്രീയമായ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ പുനഃപരിശോധിക്കണമെന്നും, സെക്രട്ടേറിയറ്റ് അടിയന്തിരമായി തുറന്ന് പ്രവര്‍ത്തിക്കണമെന്നും സിഎംപി ആവശ്യപെടുന്നതായി അദ്ദേഹം പറഞ്ഞു.