തൃശൂരിൽ കൂടുതൽ പേർക്ക് സമ്പർക്കം വഴി കൊവിഡ് സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ജില്ലയിൽ താത്‌കാലികമായി സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് ടിഎൻപ്രതാപൻ എംപി.സ്ഥിതി അതീവ ഗുരുതരമാണെന്നും വിഷയം അടിയന്തിരമായി പരിഗണിച്ച് തീരുമാനിക്കണമെന്നും പ്രതാപൻ ആവശ്യപ്പെട്ടു.
ഇന്നലെ മാത്രം 25 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.ഇതിൽ 14 പേർക്ക് സമ്പർക്കം വഴിയായിരുന്നു രോഗം പകർന്നത്.കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ നാല് പേർക്കും, കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളായ നാല് പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും നാല് ആശാ പ്രവർത്തകർക്കുമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
അതേസമയം തൃശ്ശൂരിൽ സർക്കാർ ഇടപെടലിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി എസി മൊയ്തീൻ പ്രതികരിച്ചു.പുറത്തുനിന്നും വന്നവർ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതാണ് രോഗം വ്യാപിക്കാനിടയാക്കിയതെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും മന്ത്രി പറഞ്ഞു.