ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. ഇന്നലെ വൈകുന്നേരം ജില്ലാ കളക്ടര്ക്കുമുന്പാകെയാണ് ചുമതലയേറ്റത്.
കേരളത്തില്‍ ആദിവാസി വിഭാഗത്തില്‍നിന്ന് സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്ന ആദ്യത്തെ ആളാണ് ശ്രീധന്യ സുരേഷ്. എട്ട് വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിലെ മറക്കാനാകാത്ത നിമിഷമാണ് ഇതെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു പറഞ്ഞു. കൊവിഡ് കാലത്ത് ചുമതലയേല്‍ക്കുന്നത് വലിയ ഉത്തരവാദിത്തമാണ് നല്‍കുന്നതെന്നെന്നും ഭരണരംഗത്തെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസിലാക്കാനും ഇതിലൂടെ സാധിക്കുമെന്നും ശ്രീധന്യ പറഞ്ഞു.
2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ്. 2016ല്‍ ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റ്മായി ബന്ധപ്പെട്ട് ജോലി ചെയ്യുമ്പോള്‍ അന്ന് വയനാട് സബ് കലക്ടറായിരുന്ന കോഴിക്കോട് ജില്ലാ കളക്ടര്‍ സാംബശിവ റാവുവിന് ഒരു പരിപാടിക്കിടെ ലഭിച്ച സ്വീകരണങ്ങളും പ്രതികരണങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചതെന്നും അദേഹത്തിന്റെ കീഴില്‍ ജോലിചെയ്യാന്‍ കഴിയുന്നത് വലിയ സന്തോഷമാണ് നല്‍കുന്നത് ശ്രീധന്യ സുരേഷ് പറഞ്ഞു.