കനത്ത മഴ, നീരൊഴുക്ക് ശക്തം; പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും
തൃശൂരില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്
കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച ശക്തമായ മഴയെ തുടര്‍ന്ന് പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നു. നിലവില്‍ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകള്‍, ഓഗസ്റ്റ് 17ന് രാവിലെ എട്ട് മണി മുതല്‍ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയര്‍ത്തി അഞ്ച് ഇഞ്ചാക്കുമെന്ന് പീച്ചി ഹെഡ് വര്‍ക്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
മണലി, കരുവന്നൂര്‍ പുഴകളിലെ ജലനിരപ്പ് നിലവിലെ തോതില്‍ നിന്ന് പരമാവധി 20 സെന്റീമീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
തൃശൂരില്‍ രണ്ട് ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തിലെ പ്രധാന റോഡുകളില്‍ വെള്ളം കയറി. പുഴയ്ക്കല്‍-കുന്നംകുളം റോഡില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുന്നു. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നു. നാളെയും മഴ തുടരും.