തോമസ് ചാണ്ടി രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; സർക്കാരിന് നിയമോപദേശം ലഭിച്ചു - അടിയന്തര മന്ത്രിസഭാ യോഗം മറ്റന്നാള്‍
തോമസ് ചാണ്ടി രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ട്; സർക്കാരിന് നിയമോപദേശം ലഭിച്ചു - അടിയന്തര മന്ത്രിസഭാ യോഗം മറ്റന്നാള്‍
പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടർ സമർപ്പിച്ച റിപ്പോർട്ടില്‍ സർക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയിരിക്കുന്നത്.
എജി നൽകിയ നിയമോപദേശം മുഖ്യമന്ത്രി കണ്ടിട്ടില്ല. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടിയന്തര മന്ത്രിസഭാ യോഗം മറ്റന്നാള്‍ ചേരും. വിഷയത്തിൽ വിശദമായ ചർച്ചയുണ്ടാകുമെന്നാണ് വിവരം.
തോമസ് ചാണ്ടിക്കെതിരെ ആരോപണം ശക്തമാകുന്നതിനു പിന്നാലെ കലക്ടറുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ നിയമലംഘനങ്ങളും ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. രാജിക്കാര്യത്തിൽ മന്ത്രി സ്വയം തീരുമാനമെടുക്കണമെന്നും നേതൃത്വം നിർദേശിച്ചു. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും സിപിഎം നേതൃത്വം വിലയിരുത്തുന്നുണ്ട്.
മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാൽ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെ സിപിഎം നേതൃത്വം നേരത്തെ അറിയിച്ചെന്നാണ് വിവരം. എൻസിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം.