കളക്‍ടറുടെ കസേരയില്‍ ഇരിക്കുന്നതു സ്കൂൾ വിദ്യാർഥിയോ ?; തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ടിവി അനുപമയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി - കളക്‍ടറുടെ നോട്ടീസ് റദ്ദാക്കി
കളക്‍ടറുടെ കസേരയില്‍ ഇരിക്കുന്നതു സ്കൂൾ വിദ്യാർഥിയോ ?; തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ടിവി അനുപമയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി - കളക്‍ടറുടെ നോട്ടീസ് റദ്ദാക്കി
മുൻമന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ ടിവി അനുപമയ്ക്ക് ഹൈക്കോടതി വിമർശനം.
തെറ്റായ സർവേ നമ്പറിലാണ് തോമസ് ചാണ്ടിക്ക് നോട്ടീസ് നൽകിയതെന്നും വസ്തുതകൾ പരിശോധിച്ചില്ലെന്നും കളക്ടർ ഹൈക്കോടതിയിൽ സമ്മതിച്ചതിനെ തുടർന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം.
രൂക്ഷമായ ഭാഷയിലായിരുന്നു കളക്‍ടറെ കോടതി വിമര്‍ശിച്ചത്. കളക്‍ടറുടെ കസേരയിൽ ഇരിക്കുന്നതു സ്കൂൾ വിദ്യാർഥിയാണോ എന്നു ചോദിച്ച ഹൈക്കോടതി, കളക്‍ടറുടെ കാര്യപ്രാപ്തിയെ സംബന്ധിച്ചും സംശയമുന്നയിച്ചു. കലക്ടർ എന്തുജോലിയാണു ചെയ്യുന്നതെന്നും കോടതി ചോദിച്ചു.
കളക്‍ടര്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ഹൈക്കോടതി തോമസ് ചാണ്ടിക്കെതിരേ കളക്ടർ നൽകിയ രണ്ടു നോട്ടീസുകൾ റദ്ദാക്കാനും കോടതി ഉത്തരവിട്ടു. തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടർവേൾഡ് ടൂറിസം കമ്പനിയാണ് ഹർജി നൽകിയത്.
വാട്ടർവേൾഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തൽ ആരോപണത്തിൽ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു നോട്ടിസ്. ഈ നോട്ടിസിൽ ബ്ലോക്ക് നമ്പരും സർവേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോൾ തിരുത്തൽ നോട്ടിസും കളക്ടർ അയച്ചിരുന്നു. കോടതിയിൽ ഇക്കാര്യം കലക്ടർ അറിയിച്ചു. ഇരു നോട്ടിസുകളും പിൻവലിക്കുകയോ റദ്ദാക്കുകയോ ചെയ്യാമെന്നും കലക്ടർ പറഞ്ഞു. ഇതേത്തുടർന്നാണ് ഹൈക്കോടതി നോട്ടിസ് റദ്ദാക്കിയത്.