Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഏത് പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ ? ശിരസ്സ് പാതാളത്തോളം താഴുന്നു: എസ്എഫ്ഐക്കെതിരെ തുറന്നടിച്ച് പി ശ്രീരാമകൃഷ്ണൻ

ഏത് പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ ? ശിരസ്സ് പാതാളത്തോളം താഴുന്നു: എസ്എഫ്ഐക്കെതിരെ തുറന്നടിച്ച് പി ശ്രീരാമകൃഷ്ണൻ
, ശനി, 13 ജൂലൈ 2019 (09:42 IST)
യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. കുത്തേറ്റ അഖിലിനോട് ശിരസ്സ് കുനിച്ച് മാപ്പപേക്ഷിക്കണമെന്ന് ഫെയ്സ്‌ബുക്ക് കുറിപ്പിലൂടെ സ്പീക്കർ ആവശ്യപ്പെട്ടു. നിങ്ങൾ ഏതു തരക്കാരാണ് ? ഏത് പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ ? എന്നും ശ്രീരാമകൃഷ്ണൻ കുറിപ്പിൽ ചോദിക്കുന്നുണ്ട്. 
 
'മനം മടുപ്പിക്കുന്ന ഈ നാറ്റത്തിന്റെ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്ക് മുന്നിൽ രണ്ട് വഴികൾ ഇല്ല. ശിരസ്സ് കുനിച്ച് മാപ്പപേക്ഷിക്കുക'. ഫെയിസ്ബുക്ക് കുറിപ്പിൽ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. എസ്എഫ്ഐ എന്ന് എടുത്ത് പറയാതെയായിരുന്നു സ്പീക്കറുടെ വിമർശനം.
 
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം 
 
അഖിൽ
 
എന്റെ ഹൃദയം നുറുങ്ങുന്നു, കരൾപിടയുന്ന വേദനകൊണ്ട് തേങ്ങുന്നു. 
ലജ്ജാഭാരം കൊണ്ട് ശിരസ്സ് പാതാളത്തോളം താഴുന്നു. ഓർമ്മകളിൽ മാവുകൾ മരത്തകപ്പച്ച വിരിച്ച മനോഹരമായ എന്റെ കലാലയം.
 
സ്നേഹസുരഭിലമായ ഓർമ്മകളുടെ ആ പൂക്കാലം. "എന്റെ, എന്റെ "എന്ന് ഓരോരുത്തരും വിങ്ങുന്ന തേങ്ങലോടെ ഓർത്തെടുക്കുന്ന വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സ്നേഹനിലാവ്.
 
യുവലക്ഷങ്ങളുടെ ആ സ്നേഹനിലാവിലേക്കാണ് നിങ്ങൾ കഠാരയുടെ കൂരിരുട്ട് ചീറ്റിത്തെറിപ്പിച്ചത്. ഈ നാടിന്റെ സർഗ്ഗാത്‌മക യൗവ്വനത്തെയാണ് നിങ്ങൾ 
ചവുട്ടി താഴ്ത്തിയത്.
 
നിങ്ങൾ ഏതു തരക്കാരാണ്? എന്താണ് നിങ്ങളെ നയിക്കുന്ന തീജ്വാല? ഏതു പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ? നിങ്ങളുടെ ഈ ദുർഗന്ധം ചരിത്രത്തിലെ അക്ഷരത്തെറ്റ് തന്നെയാണ്.
 
മനം മടുപ്പിക്കുന്ന നാറ്റത്തിന്റെ ഈ സ്വർഗം നമുക്ക് വേണ്ട. ഇതിനേക്കാൾ നല്ലത് സമ്പൂർണ്ണ പരാജയത്തിന്റെ നരകമാണ്. തെറ്റുകൾക്കുമുമ്പിൽ രണ്ടു വഴികളില്ല,
ശിരസ്സു കുനിച്ചു മാപ്പപേക്ഷിക്കുക. നാറ്റം പേറി സ്വയം നാറാതെ സ്വബുദ്ധി കാണിക്കുക. കാലം കാത്തു വച്ച രക്തനക്ഷത്രങ്ങളുടെ ഓർമ്മകൾ മറക്കാതിരിക്കുക.
 
ഓർമ്മകളുണ്ടായിരിക്കണം, അവിടെ ഞങ്ങളുടെ ജീവന്റെ ചൈതന്യമുണ്ട്. 
ചിന്തയും വിയർപ്പും, ചോരയും കണ്ണുനീരുമുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി രാഷ്ട്രീയ വനവാസം; വിശ്വാസ വോട്ടെടുപ്പിന് മുൻപ് കർണാടക എംഎൽഎമാർ റിസോർട്ടിൽ, രാഷ്ട്രീയ നാടകങ്ങള്‍ക്ക് കളമൊരുക്കി കോണ്‍ഗ്രസും ബിജെപിയും