കൊവിഡ് കാലത്തും കുരുതിക്കളമായി കേരളം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആറ് രാഷ്ട്രീയകൊലപാതകങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കൊല്ലപ്പെട്ടവരെല്ലാം തന്നെ സിപിഎം പ്രവർത്തകരും ആണെന്നതാണ് പ്രത്യേകത. തങ്ങളുടെ പ്രവർത്തകർ നിരന്തരം കൊല്ലപ്പെടുന്നതിൽ ഗൂഢാലോചനയുണ്ടെന്ന് സിപിഎം ആരോപിക്കുന്നുവെങ്കിലും പ്രാദേശിക പ്രശ്നങ്ങളാണ് പല കൊലപാതകങ്ങൾക്കും കാരണമെന്നാണ് പോലീസിന്റെ വാദം.
സംസ്ഥാനത്ത് പൊതുവെ ക്രമസമാധാനം ശക്തമാണെന്നാണ് സർക്കാർ അവകാശവാദമെങ്കിലും കുറഞ്ഞ കാലയളവിലാണ് ഈ രാഷ്ട്രീയകൊലപാതകങ്ങൾ എല്ലാം തന്നെ സംഭവിച്ചത് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്. സിപിഎം സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോൾ സിപിഎമ്മുകാര്‍ തുടര്‍ച്ചയായി കൊലപ്പെടുന്ന അവസ്ഥയിൽ പാര്‍ട്ടിക്കുള്ളിൽ തന്നെ അമർഷമുണ്ട്.
അതേസമയം ഇതുവരെയുണ്ടായ എല്ലാ കൊലപാതകങ്ങളും കൃത്യമായി അന്വേഷിക്കുകയും തുടര്‍ നടപടികൾ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. പോലീസിന്റെ അന്വേഷണരീതിയോട് പരക്കെ എതിർപ്പുണ്ടെങ്കിലും അഭ്യന്തരവകുപ്പിനെ ചോദ്യം ചെയ്യാൻ സിപിഎമ്മിനകത്ത് ആരും ധൈര്യപ്പെടുന്നില്ല.