കീം പരീക്ഷ എഴുതാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത് തന്നെ ഞെട്ടിച്ചെന്ന് ശശി തരൂര്‍ എംപി. പട്ടം സെന്റ് മേരിസ് സ്‌കൂളില്‍ കീം പരീക്ഷക്ക് വന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂട്ടം കൂടി നിന്ന് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു എന്ന വാര്‍ത്ത തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. വിദ്യാര്‍ത്ഥികളുടെ പേരുകളും അഡ്രസ്സും പോലീസ് ആവശ്യപ്പെട്ടു എന്നാണ് കേള്‍ക്കുന്നതെന്നും ഇത് തികച്ചും പ്രകോപനപരമാണെന്നും ശശിതരൂര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്.
വിദ്യാര്‍ത്ഥി സമൂഹവും രാഷ്ട്രീയ നേതാക്കളും, ഞാനടക്കം, കേരള സര്‍ക്കാരിനോട് കോവിഡ് മഹാമാരി കേരളത്തില്‍ വ്യാപിക്കപ്പെടുന്ന ഈ സമയത്ത് പരീക്ഷ നീട്ടിവെക്കണം എന്നഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ, തികച്ചും നിരുത്തരവാദപരമായി സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ട് പോകുകയാണുണ്ടായത്. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരായിരുന്നു എന്നതും തികച്ചും ആശങ്ക സൃഷ്ടിക്കുന്നുവെന്നും ശശിതരൂര്‍ പറഞ്ഞു.