വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തിലെ ദൂരൂഹതകള്‍ ശക്തമാകുന്നു. കഴിഞ്ഞ ദിവസം പിടിയിലായ സ്വര്‍ണക്കടത്ത് സംഘത്തില്‍പ്പെട്ട പ്രകാശ് തമ്പി ബാലുവിന്റെ സംഗീത പരിപാടിയുടെ സംഘാടകനായിരുന്നു എന്ന് വ്യക്തമായതോടെ സംശയങ്ങള്‍ കൂടുതല്‍ ശക്തമായി.
പ്രകാശ് തമ്പിയുമയി ബാലഭാസ്‌കറിന് എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്. ഇതിനിടെ ബാലുവിന്റെയും മകളുടെയും മരണത്തിനിടയാക്കിയ പള്ളിപ്പുറത്തെ കാറപകടത്തെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയായ കലാഭവന്‍ സോബി ജോര്‍ജ് രംഗത്ത് വന്നു.
അപകടം നടന്ന് പത്ത് മിനിറ്റുള്ളില്‍ താന്‍ അതുവഴി കടന്നു പോയെന്നും ഈ സമയത്ത് ദുരൂഹസാഹചര്യത്തില്‍ രണ്ട് പേരെ അവിടെ കണ്ടെന്നും പിന്നീട് പ്രകാശന്‍ തമ്പിയോട് ഇക്കാര്യം പറഞ്ഞുവെന്നും സോബി വ്യക്തമാക്കി.
സോബിയുടെ വാക്കുകള്‍:-
അപകടം നടന്നയുടനെ ഞാന്‍ അതുവഴി കടന്നു പോയിരുന്നു. ഈ സമയത്ത് കാറപകടം ഉണ്ടായ സ്ഥലത്തേക്ക് ആളുകള്‍ ഓടിക്കൂടുന്നുണ്ടായിരുന്നു. എന്നാല്‍ ഇതിനിടയില്‍ ഒരാള്‍ സംഭവസ്ഥലത്ത് നിന്നും ഓടിപ്പോകുന്നത് ഞാന്‍ കണ്ടു. റോഡിന് ഇടതുവശത്തോടെ ഇയാള്‍ ഓടുമ്പോള്‍ നേരെ അപ്പുറത്തെ വശത്തൂടെ മറ്റൊരാള്‍ ബൈക്കും തള്ളിപ്പോകുന്നതും കണ്ടു.
ഇതില്‍ എനിക്കെന്തോ അസ്വഭാവികത തോന്നി. ഇക്കാര്യം ബാലഭാസ്കറിന്‍റെ മനേജര്‍ പ്രകാശന്‍ തമ്പിയോട് ഞാന്‍ പറഞ്ഞിരുന്നു. മനേജര്‍ പക്ഷേ ഇത് കാര്യമായി എടുത്തില്ല. പൊലീസിന് മൊഴി നല്‍കണമെന്ന് പിന്നീട് പ്രകാശന്‍ തമ്പി എന്നോട് ആവശ്യപ്പെട്ടു. മൊഴി കൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നു പക്ഷേ പിന്നീട് പൊലീസ് എന്നെ വിളിച്ചില്ല. - സോബി ജോര്‍ജ് പറയുന്നു.
സംശയമുണ്ടാക്കിയ കാര്യം സോബി പങ്കുവച്ചത് പ്രകാശന്‍ തമ്പിയോടാണ്. ഇയാളെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണകടത്ത് കേസില്‍ ഡിആര്‍ഐ അറസ്റ്റ് ചെയ്‌തത്.