ശബരിമല ദർശനത്തിനായെത്തിയ തൃപ്‌തി ദേശായിക്കും കൂട്ടർക്കും നിലയ്‌ക്കലെത്തിയാൽ സുരക്ഷ നൽകാമെന്ന് പൊലീസ്. പ്രത്യേക സുരക്ഷ നൽകാനാകില്ലെന്നാണ് ഡിജിപി അറിയിച്ചത്. അതേസമയം, തൃപ്‌തി ദേശായിക്ക് ഇപ്പോൾ ആർത്തവ സമയമാണെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ തന്നെ മല കയറണമെന്ന് വാശി പിടിക്കുന്നതെന്നുമുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സംഘപരിവാർ അനുകൂലികൾ ശ്രമം നടത്തിക്കഴിഞ്ഞു.
ഇതിന്റെ ആദ്യപടിയായിരുന്നു തൃപ്‌തി ദേശായിയുടെ മതം മാറ്റൽ വാർത്ത. തൃപ്‌തി ദേശായി മൂന്ന് വർഷം മുൻപ് ഹിന്ദു മതം മാറി ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നുവെന്നും നേരത്തേ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. മതത്തിന്റേയും ജാതിയുടെയും പേരു പറഞ്ഞ് വർഗീയ കലാപം ഉണ്ടാക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് വ്യക്തം.
രാവിലെ 4.40ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ തൃപ്‌തിയും കൂടെയുള്ളവരും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. വിമാനത്താവളത്തിന് പുറത്ത് പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കാർഗോ ടെർമിനൽ വഴി പുറത്തേക്കിറക്കാൻ ശ്രമിച്ചെങ്കിലും ആ നീക്കവും വിഫലമാകുകയായിരുന്നു.
എന്നാൽ പ്രതിഷേധം എത്ര ശക്തമായാലും നാളെ രാവിലെ ശബരിമല ദർശനം നടത്തും എന്ന ഉറച്ച് തീരുമാനത്തിലാണ് തൃപ്‌തി. തൃപ്‌തി ദേശായിയും കൂട്ടരും തിരിച്ച് പോകുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സംഘപരിവാർ നേതാക്കൾ അറിയിച്ചു.