മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു. ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി.
പന്തളംകൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഇന്ന് ശബരിമല സന്നിധാനത്ത് ദർശനത്തിന് അവസരം ഉണ്ടായിരുന്നത്. തുടര്‍ന്നു രാജപ്രതിനിധിയും 22അംഗ സംഘവും തിരുവാഭരണങ്ങളുമായി പതിനെട്ടാം പടിയിലൂടെ മലയിറങ്ങി പന്തളത്തേക്ക് തിരിച്ചു.
ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പമ്പയില്‍നിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. രാത്രി കൂടി മാത്രമേ ഭക്തര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുമായിരുന്നുള്ളൂ.
അതേസമയം, ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയം നേടിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല നിരാഹാര സമര വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.