Publish Date: Wed, 18 Feb 2026 (14:19 IST)
Updated Date: Wed, 18 Feb 2026 (14:22 IST)
തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കത്തിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. എന്‍എസ്എസിന് അനുകൂലമായ കോടതി ഉത്തരവ് മുഴുവന്‍ എയ്ഡഡ് മാനേജ്മെന്റിനും ബാധകമായിരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാരിന് അനുകൂലമായ നിയമോപദേശം ലഭിച്ചിട്ടുണ്ട്. ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സുപ്രീം കോടതി വിധി പ്രകാരമാണ് അന്തിമ തീരുമാനം എന്ന വ്യവസ്ഥയിലാണ് ഉത്തരവ് പുറത്തിറങ്ങുക.
ഭിന്നശേഷിക്കാരുടെ സംവരണത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ ഉള്‍പ്പെടെ പലരും മുന്നോട്ടുവന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ അനുനയ നീക്കവുമായി മുന്നോട്ടുവന്നത്. ഉത്തരവ് പുറപ്പെടുവിച്ചാല്‍ തടഞ്ഞുവച്ചിരിക്കുന്ന നിരവധി അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കപ്പെടും.
എന്‍എസ്എസ് കേസില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്യേണ്ട തസ്തികകള്‍ ഒഴികെയുള്ള മറ്റ് തസ്തികകളില്‍ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു.