വയനാട് പാര്‍ലിമെന്റ് മെമ്പറും കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് അക്രമിച്ച നടപടി ജനാധിപത്യ വിരുദ്ധവുമാണെന്ന് എഐവൈഎഫ്. എംപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉയര്‍ത്തിപ്പിടിച്ച വിഷയം യഥാര്‍ത്ഥത്തില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ഏറ്റെടുക്കേണ്ട വിഷയമല്ല. ഇക്കാര്യത്തില്‍ കരുതിക്കൂട്ടി പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായിട്ടുണ്ടോന്ന് അന്വേഷിക്കണം. പ്രതിഷേധങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെ ഓഫീസും രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസും അക്രമിക്കുന്നത് ജനാധിപത്യ സംവിധാനത്തില്‍ അംഗീകരിക്കാന്‍ കഴിയാത്തതും എതിര്‍ക്കപ്പെടേണ്ടതുമാണെന്നും എഐവൈഎഫ് വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ചതിന്റെ പേരില്‍ കേരളത്തെ കലാപ ഭൂമിയാക്കാനുള്ള കോണ്‍ഗ്രസ് - യൂത്ത് കോണ്‍ഗ്രസ് ശ്രമവും ഒട്ടും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും കേരളത്തിന്റെ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവര്‍ക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നും എഐവൈഎഫ് പറഞ്ഞു.