പേ വിഷബാധ ഏറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാതെ മന്ത്രവാദിയെ കാണിച്ചു, എട്ടു വയസുകാരന്റെ മരണത്തിന് പിന്നിലെ യഥാർത്ഥ കാരണമിത്
രണ്ടാഴ്ച മുമ്പ് അഭിഷേകിന്റെ സ്വഭാവത്തിൽ മാറ്റം വന്നിരുന്നു.
ബാധിച്ച അസുഖം പേവിഷബാധയാണെന്നറിയാതെ വീട്ടുകാർ കുട്ടിക്കു മന്ത്രവാദ ചികിത്സ നടത്തി. പേവിഷബാധയേറ്റ് മരിച്ച തിരുവനന്തപുരം വെമ്പായം തലേക്കുന്ന് നൂറ് ഏക്കർ പിണറുംകുഴി വീട്ടിലെ അഭിഷേകിന് വീട്ടുകാർ ബാധകയറിയെന്നു സംശയിച്ച് നൂലും ജപിച്ചു കെട്ടിയിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാതെ വരുത്തിവച്ച മരണമാണ് കുട്ടിയുടേതെന്ന് നാട്ടുകാർ പറയുന്നു.
രണ്ടാഴ്ച മുമ്പ് അഭിഷേകിന്റെ സ്വഭാവത്തിൽ മാറ്റം വന്നിരുന്നു. വെള്ളം കുടിക്കാൻ മടി കാണിക്കുകയും വെളിച്ചം കാണുമ്പോൾ ഇരുട്ട് മുറിയിലേക്ക് ഓടിയൊളിക്കുകയും ചെയ്തു. ഇതോടെ കുട്ടിക്ക് ബാധകൂടിയതാണെന്ന് ഉറപ്പിച്ച വീട്ടുകാർ അടുത്തുള്ള മന്ത്രവാദിയെ കണ്ട് നൂല് ജപിച്ച് കെട്ടി. തുടർന്നും കുട്ടിയുടെ അസ്വസ്ഥതകൾ രൂക്ഷമായിട്ടും വീട്ടുകാർ കാര്യമാക്കിയില്ലെന്നും ആരോപണമുണ്ട്. വെള്ളം കുടിക്കാതെ, നാക്ക് പുറത്തിട്ട് കുട്ടി പരാക്രമം കാട്ടിയതോടെ രണ്ട് ദിവസം മുൻപ് നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഡോക്ടർ രക്തം പരിശോധിക്കാൻ എഴുതി നൽകിയെങ്കിലും പരിശോധന നടത്താതെ വീട്ടുകാർ കുട്ടിയെയും കൂട്ടി മന്ത്രവാദിയുടെ അടുത്തേക്ക് പോകുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ കുട്ടിയുടെ വായിൽ നിന്ന് നുരയും പതയും വരാൻ തുടങ്ങി. ഇതോടെ കുട്ടിയെ കന്യാകുളങ്ങര ആശുപത്രിയിൽ എത്തിച്ചു. പരിശോധിച്ച ഡോക്ടർ ഉടൻ കുട്ടിയെ മെഡിക്കൽ കോളേജിലെത്തിക്കാൻ നിർദ്ദേശിച്ചു. എന്നാൽ വീട്ടുകാർ കുട്ടിയെയും കൂട്ടി വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തി.
ഇന്നലെ പുലർച്ചെ രണ്ടരയോടെ കുട്ടിയെ വീണ്ടും കന്യാകുളങ്ങര ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. അതിനു ശേഷമാണ് പേവിഷബാധയേറ്റാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചത്. എന്നാൽ വീട്ടിലുള്ള മറ്റ് അംഗങ്ങൾക്കൊന്നും പേവിഷബാധയുടെ ലക്ഷണങ്ങളില്ല. അഭിഷേകിനെ പട്ടി കടിച്ചിട്ടില്ല. ശരീരത്തിൽ മുറിവുകളോ, നഖക്ഷതങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ എങ്ങനെയാണ് പേവിഷബാധയേറ്റതെന്ന് വ്യക്തമായിട്ടില്ല.
ഒരുമാസം മുമ്പ് അഭിഷേകിന്റെ വീടിന്റെ പരിസരത്ത് തെരുവുനായ ചത്തുകിടന്നിരുന്നു. അഭിഷേകിന്റെ വീട്ടിൽ പൂച്ചകളും പട്ടിയുമുണ്ട്. അഭിഷേക് വളർത്തുമൃഗങ്ങളെ എടുത്ത് ഓമനിക്കുകയും ഉമ്മവയ്ക്കുകയും ചെയ്യുമായിരുന്നുവെന്നും സമീപവാസികൾ പറയുന്നു.
ഇന്നലെ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. കൂലിപ്പണിക്കാരനായ മണിക്കുട്ടന്റെയും റീനയുടെയും രണ്ടാമത്തെ മകൻ അഭിഷേകാണ് (8) മരിച്ചത്. തലയിൽ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. മൃതദേഹം വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. അതുല്യ, അനുശ്രീ, അതുൽ കൃഷ്ണ എന്നിവർ സഹോദരങ്ങളാണ്.