താന്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ 30000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ശശി തരൂര്‍. കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന പ്രീ പോള്‍ സര്‍വേഫലങ്ങള്‍ തനിക്ക് ഗുണം ചെയ്യുമെന്നും തരൂര്‍ പറയുന്നു.
കരണ്‍ ഥാപ്പറുമായി നടത്തിയ സംഭാഷണത്തിലാണ് ശശി തരൂര്‍ മനസ് തുറക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വലിയ പിന്തുണ ഇത്തവണ ലഭിക്കും. കുമ്മനത്തിനെതിരെ 25000 മുതല്‍ 30000 വരെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നാണ് പ്രതീക്ഷ - തരൂര്‍ പറയുന്നു.
പ്രീ പോള്‍ സര്‍വേകളില്‍ കുമ്മനം രാജശേഖരന്‍ ജയിക്കുമെന്ന് വന്നത് എങ്ങനെ മുഖവിലയ്ക്ക് എടുക്കാന്‍ കഴിയും? ഓരോ നിയമസഭാ മണ്ഡലത്തിലെയും വളരെക്കുറച്ചുപേരുടെ അഭിപ്രായങ്ങള്‍ മാത്രമാണ് ആ സര്‍വേകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ സര്‍വേകള്‍ തന്‍റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കാന്‍ സഹായിച്ചു എന്നും ശശി തരൂര്‍ പറയുന്നു.
സര്‍വേകള്‍ വന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വോട്ടിംഗ് ശതമാനം ഉയരാന്‍ ഇതുതന്നെയാണ് കാരണം - തരൂര്‍ വ്യക്തമാക്കുന്നു.