Rahul Mankoottathil: രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും; രാജി വെച്ചേക്കും?
സാഹചര്യങ്ങൾ രാഹുലിന് എതിരായതോടെ എംഎല്‍എയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കെതിരെ നിരവധി പെൺകുട്ടികളാണ് ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നത്. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, വനിതാ കമ്മീഷന്‍ രാഹുലിനെതിരെ സ്വമേധയാ കേസെടുക്കുകയും ചെയ്തു.
എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളില്‍ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനമാക്കിയാണ് കേസ്. സാഹചര്യങ്ങൾ രാഹുലിന് എതിരായതോടെ എംഎല്‍എയ്ക്ക് എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമാകുന്നു.
എംഎല്‍എ പദവി രാഹുല്‍ രാജിവെക്കണമെന്നാണ് ആവശ്യം. രാഹുല്‍ പദവിയില്‍ തുടരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു. രാഹുല്‍ രാജിവയ്ക്കുന്നതാണ് ഉചിതം എന്നാണ് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള വലിയൊരു വിഭാഗത്തിന്റെ നിലപാട്.
വരും ദിവസങ്ങളില്‍ രാഹുലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തു വരാന്‍ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. രാഹുലിന് എതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസിലെ വനിതാ നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവച്ചാല്‍ രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് രാജിയെ അനുകൂലിക്കുന്ന വിഭാഗത്തിന്റെ വാദം.
രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നിലപാട് നിര്‍ണായകമാകും. ലൈംഗിക അധിക്ഷേപ ആരോപണങ്ങള്‍ തുടര്‍ച്ചയായതോടെ എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ചര്‍ച്ച നേരത്തെ തന്നെ തുടങ്ങിയിരുന്നു. നിയമസഭ സമ്മേളനത്തിന് മുന്‍പ് രാജിവേണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.
ഇരയായ യുവതിയോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിക്കുകയും കൊലപ്പെടുത്തുമെന്നും പറയുന്ന ശബ്ദരേഖ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ അടൂരിലെ വീട്ടിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നലെ തിരുവനന്തപുരത്തെത്തിയിരുന്നു. വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുതിരേണ്ടതില്ലെന്നാണ് രാഹുലിന് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം.