സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കൾക്കുള്ള നിരോധനം നിലവിൽ വന്നു. സർക്കാർ തീരുമാനത്തിനെതിരെ വ്യാപാരികൾക്കിടയിൽ എതിർപ്പ് നിലനിൽക്കെയാണ് നിരോധനം ഏർപ്പെടുത്തിയത്. പ്ലാസ്റ്റിക് നിരോധനത്തിൽ ഈ മാസം 15 വരെ ശിക്ഷാ നടപടികൾ ഉണ്ടാകില്ല.
കഴിഞ്ഞ നവംബറിലാണ് പ്ലാസ്റ്റിക് നിരോധനത്തെ പറ്റി മന്ത്രിസഭായോഗം തീരുമാനത്തിലെത്തിയത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവർ,പ്ലേറ്റ്,സ്ട്രോ,അലങ്കാര വസ്തുക്കൾ,പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ ഗ്ലാസുകൾ എന്നിവക്കാണ് നിരോധനം. അതേ സമയം ബ്രാൻഡഡ് വസ്തുക്കളുടെ കവറുകൾ,അരലിറ്ററിന് മുകളിലുള്ള കുടിവെള്ള കുപ്പികൾ,മത്സ്യം,ഇറച്ചി,ധാന്യങ്ങൾ ഇവ പൊതിയുന്നതിന് ആവശ്യമായ കവറുകൾ എന്നിവയെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിരോധനത്തിനെതിരെ വ്യാപാരികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിട്ടില്ല. പുതിയ നടപടിക്കെതിരെ വ്യാപാരികൾ നാളെ മുതൽ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
നിരോധനം ലംഘിക്കുന്നവർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെയാണ് പിഴ. എന്നാൽ ആദ്യ ഘട്ടത്തിൽ പിഴ ഈടാക്കില്ല. പ്ലാസ്റ്റിക് നിരോധനത്തിനെ തുടർന്ന് പ്ലാസ്റ്റിക്കിന് ബദലായി തുണി സഞ്ചി,പേപ്പർ കവറുകൾ എന്നിവ വിപണിയിൽ കൂടുതൽ ലഭ്യമാക്കും.