കലക്ടറുടെ റിപ്പോര്‍ട്ട് നിര്‍ണായകമായി; പാലിയേക്കര ടോള്‍ പിരിവ് നിരോധനം നീട്ടി
ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറ് മുതല്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്
ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന പാലിയേക്കര ടോള്‍ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിര്‍മാണം നടക്കുന്ന പലയിടത്തും യാത്രക്കാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെന്ന തൃശൂര്‍ ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ടോള്‍ നിരോധനം കോടതി നീട്ടിയത്.
കേസ് വീണ്ടും ഈ മാസം 30ന് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി എന്തു നടപടികള്‍ സ്വീകരിച്ചെന്ന് അറിയിക്കണമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കര്‍ വി.മേനോന്‍ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ദേശീയപാതയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മൂലം ഗതാഗത കുരുക്കുണ്ടാകുന്നത് ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറ് മുതല്‍ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്. അതേസമയം ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ അനുമതി വേണമെന്ന ആവശ്യത്തിലാണ് ദേശീയപാത അതോറിറ്റി. ഇത്ര വലിയ നിര്‍മാണങ്ങള്‍ നടക്കുമ്പോള്‍ ചെറിയ യാത്രാതടസങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന് ദേശീയപാത അതോറിറ്റി പറഞ്ഞു.