പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉന്നത രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടതായി വിജിലൻസ് ഹൈക്കോടതിയിൽ. നിര്‍മാണ കമ്പനി എംഡി സുമിത് ഗോയലാണ് മുഖ്യസൂത്രധാരന്‍.
സുമിത് ഗോയല്‍ എംഡിയായ ആര്‍ ഡി എസ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ് മുന്‍കൂറായി വാങ്ങിയ പണം ഉപയോഗിച്ചത്. കരാർ ഏറ്റെടുക്കുമ്പോൾ കമ്പനി വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു പാലം നിർമാണത്തിനു വേണ്ടി ലഭിച്ച തുക ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പാലം നിർമാണത്തെ ഇത് മോശമായി ബാധിച്ചു.
കേസിൽ പങ്കുള്ള പ്രമുഖരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ സുമിത് ഗോയല്‍ തയാറാകുന്നില്ല. അഴിമതിയില്‍ ഉന്നതരാഷ്‌ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ട്. നിരവധി പേര്‍ക്ക് കൈക്കൂലി നല്‍കിയിട്ടുണ്ടെന്നും വ്യക്തമായി. അത് ആരൊക്കൊ എന്നു പയാന്‍ സുമിത് ഗോയല്‍ മടിക്കുകയാണെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ വിജിലന്‍സ് പറയുന്നു.
ആർഡിഎസ് കമ്പനി രാഷ്ട്രീയ നേതാക്കൾ ഉൾപ്പടെയുള്ള നിരവധിപ്പേർക്കു കൈക്കൂലി കൊടുത്തതായി ഗോയലിന്റെ സ്വകാര്യ ലാപ്ടോപ്പിൽ നിന്നു വ്യക്തമായി. അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
സുമിത് ഗോയലിന് ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനമുള്ള പ്രതികൾ രക്ഷപ്പെടും. അതുകൊണ്ടു തന്നെ പ്രതിക്ക് ഇപ്പോൾ ജാമ്യം നൽകുന്നത് ജീവനക്കാർ ഉൾപ്പടെയുള്ളവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതിന് തടസമാകുമെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു.
സുമിത് ഗോയലിന്റെ ഉൾപ്പെടെ നാലുപേരുടെ ജാമ്യഹർജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലൻസ് ഉന്നം വയ്ക്കുന്ന പ്രമുഖ രാഷ്ട്രീയ നേതാവ് മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ തന്നെയാണ് എന്നാണ് വ്യക്തമാകുന്നത്. ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യുന്നതിന് വിജിലൻസ് തയാറെടുക്കുന്നതായാണു റിപ്പോർട്ട്. അത് ഈയാഴ്ച തന്നെ ഉണ്ടായേക്കും.