Publish Date: Mon, 23 Feb 2026 (20:23 IST)
Updated Date: Mon, 23 Feb 2026 (20:25 IST)
പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ ജര്‍മ്മനിയിലെ കെയര്‍ ഹോമുകളിലും ആശുപത്രികളിലുമുളള 20 ഒഴിവുകളിലേയ്ക്കാണ് അവസരം. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്.
ബയോളജി ഉള്‍പ്പെടുന്ന സയന്‍സ് സ്ട്രീമില്‍, പ്ലസ് ടുവിന് കുറഞ്ഞത് 60 ശതമാനം മാര്‍ക്കുണ്ടാകണം. ഇതോടൊപ്പം ജര്‍മ്മന്‍ ഭാഷയില്‍ B1, B2 ലെവല്‍ പാസ്സായവരുമാകണം (ഗോയ്‌ഥേ, ടെല്‍ക്, OSD, TestDaf എന്നിവിടങ്ങളില്‍ നിന്നും) അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ www.norkaroots.kerala.gov.in, www.nifl.norkaroots.org വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് മാര്‍ച്ച് ഏഴിനകം അപേക്ഷ നല്‍കണം. അഭിമുഖം മാര്‍ച്ച് അവസാന ആഴ്ച നടക്കും.
ജര്‍മ്മന്‍ ഭാഷ പരിശീലനം (ബി2 ലെവല്‍ വരെ), നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജര്‍മ്മനിയുടെ ആരോഗ്യ പരിപാലന മേഖലയില്‍ തൊഴില്‍ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ ലഭിക്കും.