മുത്തലാഖിന് പിന്നാലെ ബഹുഭാര്യാത്വവും നിര്‍ത്തലാക്കും?
ഒരേസമയം ഇനി ഒന്നില്‍ കൂടുതല്‍ ഭാര്യമാര്‍ വേണ്ടെന്ന നിലപാടിലേക്ക് സുപ്രീംകോടതി?
മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന ചരിത്രവിധിക്കു പിന്നാലെ, മുസ്‍ലിം സമുദായത്തിൽ നിലനിൽക്കുന്ന ബഹുഭാര്യാത്വത്തിന്റെയും ‘നിക്കാഹ് ഹലാല’യുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ ഉറച്ച് സുര്‍പീംകോടതി.
മുത്തലാഖുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്ന് വാദം കേൾക്കുകയും വിധി പറയുകയും ചെയ്ത അഞ്ചംഗ ബെഞ്ച് ബഹുഭാര്യാത്വ, നിക്കാഹ് ഹലാല എന്നീ വിഷയങ്ങളില്‍ വിശദ പരിശോധന നടത്തുന്നതിനായി വാതില്‍ തുറന്നിട്ടിരുന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഒരു കൂട്ടം ഹര്‍ജികളാണ് ഇതിനോടകം സമര്‍പ്പിക്കപ്പെട്ടത്. ഈ ഹര്‍ജികള്‍ പരിഗണിക്കവേയാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. ഈ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ടു കേന്ദ്ര സർക്കാരിനും നിയമ കമ്മിഷനും സുപ്രീംകോടതി നോട്ടിസയച്ചു.
ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരാളെക്കൂടി വിവാഹം കഴിക്കാൻ മുസ്‍ലിം പുരുഷൻമാർക്ക് അനുവാദമുണ്ട്. എന്നാൽ, ഈ അവകാശം സമുദായത്തിലെ സ്ത്രീകൾക്കില്ല. അതുകൊണ്ടുതന്നെ ഇതു മുസ്‍ലിം സ്ത്രീകളുടെ മൗലികാവകാശത്തിന്റെ ലംഘനമാണെന്നാണു ഹർജിക്കാരുടെ വാദം.