'ഹറാം പിറപ്പ് വിളിച്ചുകൂവുന്നവർക്ക്' കടകംപള്ളി സുരേന്ദ്രന്റെ ചുട്ട മറുപടി
ചെങ്ങന്നൂരിലെ ശബരിമല ഇടത്താവളം കേന്ദ്ര പദ്ധതിയെന്ന ബി ജെ പിയുടെ വാതം തള്ളി ദേവസ്വം മന്ത്രി
ചെങ്ങന്നൂരിലെ ശബരിമല ഇടത്താവളം പദ്ധതി കേന്ദ്രത്തിന്റേതെന്ന ബി ജെ പിയുടെ കുപ്രചരണത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിഭാവന ചെയ്ത ശബരിമല ഇടത്താവളം പദ്ധതിയിലെ ഒന്നു മാത്രമാണ് ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിർമ്മിക്കാനൊരുങ്ങുന്നതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പദ്ധതി പ്രകാരം പത്തിടങ്ങളിൽ ഇടത്താവള സമുച്ചയം നിർമ്മിക്കാനുള്ള കരാർ ഒപ്പിട്ടു കഴിഞ്ഞു. സംസ്ഥാന സർക്കാർ നേരിട്ടും ഐ ഒ സി, ബി പി സിഎൽ എന്നീ പൊതുമേഘല സ്ഥാപനങ്ങളുടെ കേരളഘടകവുമായി സഹകരിച്ചും 36 ക്ഷേത്ര പരിസരങ്ങളിൽ ഇടത്താവള സമുച്ചയങ്ങൾ നിർമ്മിക്കാൻ തീരുമാനിച്ചതായും കടകംപള്ളി വ്യക്തമാക്കുന്നു.
ചെങ്ങന്നൂരില്‍ ശബരിമല ഇടത്താവള സമുച്ചയത്തിന്റെ തറക്കല്ലിടല്‍ നാളെ നിവ്വഹിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ബി ജെ പിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി തന്നെ രംഗത്തുവന്നത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
”മനയ്ക്കലെ പാറുക്കുട്ടിക്ക് ഗര്‍ഭം …’ എന്ന് കേട്ടപാതി
”സംഗതി അറിഞ്ഞോ ? അത് ഞമ്മളാണ്” – മമ്മൂഞ്ഞ് പറയുന്നത് കേട്ട് ആനവാരി രാമന്‍ നായരും, പൊന്‍കുരിശ് തോമയും അമ്പരപ്പോടെ ചോദിച്ചു.
”അടേ എട്ടുകാലീ, നേരോ ഇത്?……”
”ഇതും ഇതിലപ്പുറവും ചെയ്യുന്ന ഹറാം പിറന്നോനാണ് ഞമ്മള്‍’ എന്നായി മമ്മൂഞ്ഞ്. മനയ്ക്കലെ പാറുക്കുട്ടി ഒരു ആനയാണെന്നറിയാതെ ആ ഗര്‍ഭത്തിന്റെയും ഉത്തരവാദിത്തം അവകാശപ്പെട്ട എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍ത്ത് ചിരിക്കാന്‍ കാരണമായ ഒരു പോസ്റ്റ് താഴെ ചേര്‍ക്കുന്നു. മനയ്ക്കലെ പാറുക്കുട്ടി ആനയുടെ ഗര്‍ഭം ഏറ്റെടുത്ത മമ്മൂഞ്ഞിനെ പോലെ ശബരിമല ഇടത്താവള സമുച്ചയം ചെങ്ങന്നൂരില്‍ നിര്‍മ്മിക്കുന്നത് കേന്ദ്ര പെട്രോളിയം മന്ത്രാലയമാണെന്ന് ഹറാം പിറപ്പ് വിളിച്ചുകൂവുന്നവരോട് ‘ചങ്ങായീ, കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരു രൂപ പോലും ചെങ്ങന്നൂരില്‍ എന്നല്ല എവിടെയും ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് അനുവദിച്ചിട്ടില്ല. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതല അതല്ല താനും.”
കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഭാവനം ചെയ്ത ശബരിമല ഇടത്താവള സമുച്ചയ പദ്ധതിയില്‍ ഒരെണ്ണമാണ് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ടും, പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസി, ബിപിസിഎല്‍ എന്നിവയുടെ കേരള മേഖലയുമായി സഹകരിച്ചും 36 ക്ഷേത്ര പരിസരങ്ങളില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതാണ്. ഇതിന്റെ ഭാഗമായി 10 ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഐഒസി കേരള റീട്ടെയില്‍ ഹെഡ് നവീന്‍ ചരണുമായി ദേവസ്വം ബോര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെയും എന്റെയും സാന്നിദ്ധ്യത്തില്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാന പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ബിപിസിഎല്ലുമായി ചേര്‍ന്ന് ചെങ്ങന്നൂരില്‍ 9.5 കോടി രൂപ ചെലവില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കാനും ഇതേ പോലെ ധാരണയുണ്ടാക്കി. ഇടത്താവള നിര്‍മ്മാണത്തിന് പകരമായി ബിപിസിഎല്ലിന് അവിടെ പെട്രോള്‍-ഡീസല്‍ പമ്പ് സ്ഥാപിക്കുന്നതിന് 30 വര്‍ഷത്തേക്ക് സ്ഥലം നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുപ്രകാരം ചെങ്ങന്നൂരില്‍ ശബരിമല ഇടത്താവള സമുച്ചയം നിര്‍മ്മിക്കുന്നതിന് ഈ മാസം 23 ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഈ സമുച്ചയത്തിന്റെ തറക്കല്ലിടല്‍ നാളെ അതായത് 27.03.2018 ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ നിര്‍വഹിക്കും. അന്തരിച്ച എംഎല്‍എ ശ്രീ. കെ.കെ രാമചന്ദ്രന്‍ നായരുടെ ആഗ്രഹ പൂര്‍ത്തീകരണമാണ് ഇതിലൂടെ നിറവേറ്റുന്നത്.
കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാതെ മറ്റുള്ളവരുടെ ചുമലില്‍ ചാരുന്ന ബിജെപി നേതാക്കള്‍ എന്തിനാണാവോ കേന്ദ്രസര്‍ക്കാരിന് ഒരു പങ്കുമില്ലാത്ത ചെങ്ങന്നൂരിലെ ശബരിമല ഇടത്താവളത്തിന് അവകാശവാദം ഉന്നയിക്കുന്നതെന്ന് പകല്‍ പോലെ വ്യക്തമാണ്. എന്തായാലും ഒരു സന്തോഷമുണ്ട്. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നതിനെതിരെ രംഗത്ത് വന്ന സംഘപരിവാര്‍ സംഘടനകള്‍ ചെങ്ങന്നൂരില്‍ അതിന് മുതിരുന്നില്ല എന്നത്.
‘അടേ ആനവാരീ…, പൊന്‍കുരിശേ…., സംഗതി അറിഞ്ഞോ’ എന്ന് പറഞ്ഞ് നാട്ടിലെ പെണ്ണുങ്ങളുടെയെല്ലാം ഗര്‍ഭത്തെ പറ്റി അത് ഞമ്മളാണ് എന്ന് പറയുന്ന എട്ടുകാലി മമ്മൂഞ്ഞുമാര്‍ നിങ്ങളുടെ യഥാര്‍ത്ഥ ഗര്‍ഭമായ കീഴാറ്റൂര്‍ ബൈപാസ് ആദ്യം ഏറ്റെടുക്ക്. ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഇടത്താവള സമുച്ചയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ്. ചെങ്ങന്നൂരില്‍ മാത്രമല്ല മറ്റ് 36 ക്ഷേത്രങ്ങളിലും ശബരിമല ഇടത്താവള സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഐഒസി, ബിപിസിഎല്‍ എന്നിവയ്ക്ക് പുറമെ സംസ്ഥാനത്തെ മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതും ഈ പദ്ധതിയുമായി സഹകരിക്കും. 100 കോടി രൂപ കിഫ്ബിയില്‍ നിന്ന് ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണ പദ്ധതിക്കായി അനുവദിച്ച മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനും, ധനമന്ത്രി ഡോ. തോമസ് ഐസക്കിനും പ്രത്യേക നന്ദി കൂടി ഇതിനൊപ്പം അറിയിക്കുന്നു.
ആനവാരി രാമന്‍നായരും, പൊന്‍കുരിശ് തോമയും, എട്ടുകാലി മമ്മൂഞ്ഞുമൊക്കെ കള്ള പോസ്റ്റും പിന്‍വലിച്ച് സ്ഥലം വിടുന്നതാണ് നല്ലത്. മമ്മൂഞ്ഞുമാരുടെ ഹറാം പിറപ്പ് ഇവിടെ വേവില്ല.