എം കെ രാഘവന്റെ സ്ഥാനത്ത് സി പി ഐ അനുഭാവിയുടെ അകന്ന ബന്ധുവിന്റെ അയൽക്കാരനായിരുന്നെങ്കിൽ ഇവിടെ ഭൂകമ്പം ഉണ്ടായേനെ! - വൈറലായി എം സ്വരാജിന്റെ വാക്കുകൾ
രാഘവനു പകരം സി പി ഐ ഓഫീസിനടുത്തുള്ള പെട്ടിക്കടക്കാരനെക്കുറിച്ചായിരുന്നെങ്കിൽ ഇങ്ങനെയാകില്ല സംഭവിക്കുക...
ഹിന്ദി ചാനല്‍ നടത്തിയ സ്റ്റിങ് ഓപറേഷനിൽ കുടുങ്ങിയ കോഴിക്കോട് എം പിയും ലോൿസഭ തെരഞ്ഞെടുപ്പിലെ യു ഡി എഫ് സ്ഥാനാർത്ഥിയുമായ എം.കെ രാഘവനെ വിമർശിച്ച് എം എൽ എ എം സ്വരാജ്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ഭൂമി വാങ്ങാനുള്ള സഹായമായിട്ടാണ് അഞ്ച് കോടി വാഗ്ദാനം ചെയ്തത്. പണം കൈമാറാന്‍ തന്‍റെ ഡല്‍ഹി ഓഫീസുമായി ബന്ധപ്പെടാന്‍ അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ചാനൽ വ്യക്തമാക്കുന്നു.
രാഘവന്റെ സ്ഥാനത്ത് ഇപ്പോൾ ഏതെങ്കിലും സി പി എം പ്രവർത്തകനോ സി പി ഐ അനുഭാവിയുടെ അകന്ന ബന്ധുവിന്റെ അയൽക്കാരനോ ആയിരുന്നെങ്കിൽ ഇവിടെ ഭൂമികുലുക്കം ഉണ്ടാകുമായിരുന്നുവെന്ന് എം സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. അഴിമതിയും കള്ളത്തരവും കോൺഗ്രസിന്റെ ജന്മാവകാശമാണെന്ന് സ്വരാജ് പറയുന്നു.
അഴിമതിയും വെട്ടിപ്പും കോൺഗ്രസിൽ അടിമുടി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. തട്ടിപ്പും വെട്ടിപ്പുമില്ലാത്തവർക്ക് കോൺഗ്രസിൽ പിടിച്ചു നിൽക്കാനാവില്ല എന്ന സ്ഥിതിയാണിപ്പോൾ. മുഖ്യധാരാ മാധ്യമങ്ങൾ കരുതലോടെയും സ്നേഹത്തോടെയുമാണ് ഈ വാർത്ത കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം:
കോൺഗ്രസാണ്, അഴിമതിയും കള്ളത്തരവും ജന്മാവകാശമാണ്. ....
കോഴിക്കോട്ടെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരായി ഉയർന്നത് കേവലം ഒരു ആരോപണമല്ല.
കള്ളത്തരത്തിന്റെ തെളിവാണ് പുറത്തു വന്നിരിക്കുന്നത്. ഒരു വ്യാഖ്യാനവും ആവശ്യമില്ലാത്ത തെളിവ്.
ഇന്ത്യയിൽ 15 അഴിമതിക്കാരായ MP മാരെയാണ് TV 9 പുറത്തു കൊണ്ടുവന്നത്. അതിൽ ഉൾപ്പെട്ട മഹാരാഷ്ടയിലെ ബി ജെ പി യുടെ എം പി രാംദാസ് തദസിനെ അയോഗ്യനാക്കണമെന്നാവശ്വപ്പെട്ട് കോൺഗ്രസ് സമരത്തിലാണ്. രാംദാസ് തദസും എം.കെ രാഘവനും തമ്മിൽ എന്താണ് വ്യത്യാസം ? ഇത്രമേൽ വെളിപ്പെട്ട കള്ളത്തരങ്ങൾക്ക് മുന്നിൽ , തിരഞ്ഞെടുപ്പ് കുറ്റങ്ങൾക്ക് മുന്നിൽ കോൺഗ്രസ് എന്തു നടപടിയാണ് സ്വീകരിക്കുന്നത് ? ഒരു നടപടിയും പ്രതീക്ഷിക്കാനാവില്ല. അഴിമതിയും വെട്ടിപ്പും കോൺഗ്രസിൽ അടിമുടി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു എന്നതാണു സത്യം. തട്ടിപ്പും വെട്ടിപ്പുമില്ലാത്തവർക്ക് കോൺഗ്രസിൽ പിടിച്ചു നിൽക്കാനാവില്ല എന്ന സ്ഥിതിയാണ്.
നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ എത്ര കരുതലോടെ സ്നേഹപൂർവമാണ് ഈ വാർത്ത കൈകാര്യം ചെയ്യുന്നത്. ഒട്ടും കോൺഗ്രസിനെ വേദനിപ്പിക്കാതെ, ഞങ്ങളും റിപ്പോർട്ടു ചെയ്തു എന്നു വരുത്തിത്തീർക്കാൻ എങ്ങനെയൊക്കെയാണ് ക്ലേശിക്കുന്നത്. പത്രത്തിന്റെയും ടിവിയുടെയും മൂലയിൽ വാർത്ത ഒതുക്കിപ്പിടിച്ച് രക്ഷിച്ചെടുക്കാനെന്തൊരു വ്യഗ്രതയാണ് .
ഗൗരവമായ തിരഞ്ഞെടുപ്പ് കുറ്റങ്ങളുടെ സ്വയം വെളിപ്പെടുത്തൽ ഉൾപ്പെടുന്ന വീഡിയോ ദൃശ്യമാണ് പുറത്തു വന്നിരിക്കുന്നത് . വിഷയത്തിന്റെ ഗൗരവമനുസരിച്ച് ഈ വാർത്ത കൈകാര്യം ചെയ്യാതിരിക്കുന്നതെന്തുകൊണ്ടാണ്. ? എന്താണിങ്ങനെ മടിച്ച് മടിച്ച് .. അറച്ചറച്ച്... നിൽക്കുന്നത് ? ഒരേയൊരു ഉത്തരമേയുള്ളൂ. ശ്രീ. എം.കെ രാഘവൻ കോൺഗ്രസ് നേതാവാണ് . സി പി ഐ (എം) നേതാവല്ല. എന്നതു മാത്രം!!
ഇങ്ങനെയൊരു തെളിവ് ഒരു സി പി ഐ (എം) അനുഭാവിയുടെ അകന്ന ബന്ധുവിന്റെ അയൽവക്കക്കാരനെ കുറിച്ചായിരുന്നെങ്കിൽ ....? സി പി ഐ (എം) ഓഫീസിനടുത്തുള്ള പെട്ടിക്കടക്കാരനെക്കുറിച്ചായിരുന്നെങ്കിൽ ..?
എത്ര ദിവസങ്ങളിലെ തുടർരാത്രി ചർച്ചകളാൽ സമൃദ്ധമാകുമായിരുന്നു ചാനൽ സ്റ്റുഡിയോകൾ ..
ഒന്നാം പേജിലെത്ര വെണ്ടക്ക തലക്കെട്ടുകൾ, കാർട്ടൂണുകൾ , എത്ര മുഖപ്രസംഗങ്ങൾ, ലേഖനങ്ങൾ , സാരോപദേശങ്ങൾ . .... ഇവിടെയൊരു ഭൂമികുലുക്കം തന്നെയുണ്ടാകുമായിരുന്നില്ലേ. ഏതായാലും എം.കെ.രാഘവൻ കോൺഗ്രസായതു നന്നായി ഒരു ഭൂമികുലുക്കം ഒഴിവായിക്കിട്ടിയല്ലോ.