കാറിൽ വെച്ച് കെവിനെ പൊതിരെ തല്ലി, കണ്ടുപേടിച്ചു: ടിറ്റോയുടെ വെളിപ്പെടുത്തൽ
കെവിനെ തല്ലുന്നത് കണ്ട് സഹിച്ചില്ല, വാഹനമോടിക്കാൻ വയ്യാതെയായി: പിടിയിലായ വാഹന ഉടമ
Publish Date: Thu, 31 May 2018 (08:07 IST)
Updated Date: Thu, 31 May 2018 (08:08 IST)
പ്രണയിച്ച് വിവാഹം ചെയ്തതിന് എസ് എച്ച് മൌണ്ട് സ്വദേശി കെവിനെ ഭാര്യ വീട്ടുകാർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി പിടിയിലായ ടിറ്റോ ജെറോം. നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് കെവിനെ തട്ടിക്കൊണ്ടുപോയതെന്ന് ടിറ്റൊ ജെറൊം മൊഴി നൽകി. പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയശേഷമായിരുന്നു ടിറ്റോയുടെ മൊഴി.
കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചത്. തുടർന്നു നീനുവിന്റെ വീട്ടിൽ എത്തി മറ്റു രണ്ട് വാഹനങ്ങൾക്കൊപ്പം മാന്നാനത്തേക്കു പുറപ്പെട്ടുവെന്നും മറ്റ് കാര്യങ്ങളൊന്നും അപ്പോൾ അറിയില്ലായിരുന്നുവെന്നും ടിറ്റൊ മൊഴി നൽകി.
കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറിൽവച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോൾ വാഹനം ഓടിക്കുവാൻ കഴിയാതായി. നിയാസാണു പിന്നീടു കാർ ഓടിച്ചത്. മറ്റൊരു കാറിലാണു താൻ തുടർന്നു യാത്ര ചെയ്തത്. തെന്മലയ്ക്കു സമീപം എത്തിയപ്പോൾ മുന്നിൽ പോയ മറ്റു രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതു കണ്ടു.
തങ്ങൾ ഇറങ്ങിയപ്പോൾ കെവിൻ വാഹനത്തിൽനിന്നു ചാടിപ്പോയതായി മറ്റുള്ളവർ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങി – ടിറ്റു വെളിപ്പെടുത്തി. ഒളിവിൽ കഴിയുന്നത് ബുദ്ധിയല്ലെന്ന് മനസ്സിലായതോടെയാണ് ടിറ്റോ കീഴടങ്ങിയത്.