തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികള്‍ പ്രചരണത്തിനായി വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥിയുള്‍പ്പെടെ അഞ്ച് പേരില്‍ കവിയരുത്. മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. കോവിഡ്- 19 രോഗപ്രതിരോധത്തിന്റെ ഭാഗമായി തദ്ദേശ തിരഞ്ഞെടുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മാസ്‌ക്, സാനിറ്റൈസര്‍, ഗ്ലൗസ്, ശാരീരിക അകലം എന്നിവ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അതേസമയം തദ്ദേശ തെരഞ്ഞടുപ്പില്‍ പ്രചരണവും മറ്റും പരിസ്ഥിതി സൗഹൃദ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രകാരം മാത്രമായിരിക്കണമെന്ന് കൊല്ലം ജില്ലാതല ഗ്രീന്‍പ്രോട്ടോക്കോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
പരിസ്ഥിതി സൗഹൃദ വസ്തുക്കളായ കോട്ടണ്‍ തുണിയില്‍ പ്രിന്റ് ചെയ്ത ബോര്‍ഡുകള്‍, കോട്ടണ്‍ തുണിയില്‍ എഴുതി തയ്യാറാക്കിയ ബോര്‍ഡുകള്‍, പേപ്പര്‍, പോസ്റ്ററുകള്‍, പനമ്പായ, പുല്‍പ്പായ, ഓല, ഈറ, മുള, പാള, വാഴയില തുടങ്ങിയവ ഉപയോഗിച്ചുളള ആകര്‍ഷകവും നൂതനവുമായ പ്രചാരണ സാമഗ്രികള്‍ ഉപയോഗിക്കാം.