കേന്ദ്ര സർക്കാർ കൊണ്ടു വന്ന കാർഷിക നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കി. കർഷകനിയമത്തിനെതിരെ പ്രമേയം കൊണ്ടുവരുന്നതിനെ ബിജെപി അംഗം ഒ രാജഗോപാൽ എതിർത്തെങ്കിലും പ്രമേയം പാസാക്കുന്ന ഘട്ടത്തിൽ രാജഗോപാൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.
അതേസമയം പ്രധാനമന്ത്രിക്കെതിരെ വിമർശനം വേണമെന്ന ഭേദഗതി കോണ്ഗ്രസിൽ നിന്നും കെസി ജോസഫ് മുന്നോട്ട് വച്ചെങ്കിലും സഭ അത് വോട്ടിനിട്ട് തള്ളി. കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലുള്ളത്.കർഷക പ്രക്ഷോഭം ഇനിയും തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കുമെന്ന് പ്രമേയത്തിൽ പറയുന്നു.
നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണ്. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറിയിൽ വിപണിയിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകും.കർഷകരുടെ വില പേശൽ ശേഷി കോർപറേറ്റുകൾക്ക് മുന്നിൽ ഇല്ലാതാക്കുന്നതാണ് ഈ നിയമം.കർഷകർക്ക് ന്യായ വില ഉറപ്പാക്കുന്നതിൽ നിന്നും കേന്ദ്രം പിൻവാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തിൽ മുഖ്യമന്ത്രി പറഞ്ഞു.