ഞാൻ മമ്മൂട്ടി ഫാൻസ് മെംബര്‍ അല്ല, അദ്ദേഹത്തിന്റെ ആരാധകനാണ്; കൊലക്കേസ് പ്രതിയോടെന്നവണ്ണം പൊലീസ് പെരുമാറിയെന്ന് പ്രിന്റോ
'കമനിട്ട എന്നെ കൈകാര്യം ചെയ്തത് കൊലക്കേസ് പ്രതിയെ പോലെ'
കൊലക്കേസ് പ്രതികളെ കൈകാര്യം ചെയ്യുന്നത് പോലെയാണ് പൊലീസ് തന്നോട് പെരുമാറിയതെന്ന് നടി പാർവതിയെ മോശമായി ചിത്രീകരിച്ച കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രിന്റോ പറയുന്നു. കേരളീയ പൊതുബോധത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പ്രിന്റോ പറയുന്നത്.
വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന തന്നെ വീടു വളഞ്ഞ് ഒരു കൊലക്കേസ് പ്രതിയെ തൂക്കിയെടുത്ത് കൊണ്ടുപോകുന്നത് പോലെയായിരുന്നു പൊലീസ് കൊണ്ടുപോയതെന്ന് പ്രിന്റോ പറയുന്നു. വ്യക്തിപരമായ അഭിപ്രായമാണ് പോസ്റ്റ് ചെയ്തത്. മമ്മൂട്ടി ഫാൻസ് മെംമ്പർ അല്ലെന്നും അദ്ദേഹത്തിന്റെ ആരാധകനാണെന്നും പ്രിന്റോ പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
'നടി പാർവതിക്കെതിരെ മോശമായ രീതിയില്‍ ഒരു കമന്റും ചെയ്തിട്ടില്ല. വ്യക്തിപരമായ താൽപര്യത്തിന്റെ പേരിൽ കമന്റ് രേഖപ്പെടുത്തിയിരുന്നു. ബാക്കിയൊക്കെ എന്റെ മേൽ കെട്ടിച്ചമച്ചതാണ്. ഇതിൽ ഞാൻ മാത്രമല്ല, എന്റെ കമന്റിന് താഴെ പാർവതിയെ പിന്തുണയ്ക്കുന്ന ആളുകൾ തന്നെ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. അതൊന്നും അവർ നോക്കിയിട്ടില്ല. പാർവതിക്കെതിരെ എഴുതിയവരെ മാത്രമാണ് പൊലീസ് പിടികൂടുന്നത്.' - പ്രിന്റോ പറയുന്നു.
അശ്ലീല ചുവയുള്ള കമന്റ് പോസ്റ്റ് ചെയ്തു എന്ന ആരോപണത്തിൽ സെക്ഷൻ 67 എ വകുപ്പ് പ്രകാരമാണ് പ്രിന്റോയെ അറസ്റ്റ് ചെയ്തത്. ലൈംഗീകചുവയുണ്ടെന്ന പാർവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി, അത്തരത്തിലൊന്നും പോസ്റ്റിൽ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പ്രിന്റോയ്ക്ക് ജാമ്യം നൽകിയത്.