പാർവതിക്ക് തിരിച്ചടി; ആരോപണത്തിൽ അടിസ്ഥാനമില്ലെന്ന് കോടതി, പ്രിന്റോയ്ക്ക് ജാമ്യം
ലൈംഗിക ചുവയുള്ള വാക്കുകൾ പ്രിന്റോ നടത്തിയിട്ടില്ലെന്ന് കോടതി
നടി പാര്‍വതിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ കേസില്‍ പോലീസ് പിടിയിലായ പ്രതിക്ക് ജാമ്യം. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയാണ് പ്രിന്റോയ്ക്ക് ജാമ്യം അനുവദിച്ചത്.
10,000 രൂപയ്ക്കും തുല്യ തുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിന്മേലുമാണ് ജാമ്യം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്ന ശനിയാഴ്ചകളില്‍ സ്റ്റേഷനിൽ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി സ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഐ.ടി. ആക്ട് 67, 67എ, ഐ.പി.സി. 507, 509 എന്നിവ പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
എന്നാല്‍, 67 എ പ്രകാരം ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കേസിൽ ഇന്ന് ഒരാള്‍ കൂടി പിടിയിലായി. കോളജ് വിദ്യാര്‍ഥിയായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജനാണ് അറസ്റ്റിലായത്.
കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ‘ചിലര്‍ എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്. എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരുണ്ട്’. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടത് എങ്ങനെയാണോ അതുപോലെ തന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണിയുമായി എത്തിയ സന്ദര്‍ഭങ്ങളുമുണ്ടായെന്നും പാര്‍വതി പറഞ്ഞു.
ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.’കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അര്‍ഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.