പിന്തുണയുണ്ട്, പക്ഷേ നടപടിയില്ല? - മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച വെറുതെയോ?
മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചയെ കുറിച്ച് ശ്രീജിത്ത് പറയുന്നതിങ്ങനെ
അനുജന്റെ നീതിക്കായി 766 ദിവസങ്ങൾ പിന്നിട്ട സമരം തുടരുമെന്ന് ശ്രീജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സമരം തുടരുമെന്ന് ശ്രീജിത്ത് വ്യക്തമാക്കിത്. ''തനിക്ക് പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു, പക്ഷേ നടപടിയില്ല'' ശ്രീജിത്ത് പറഞ്ഞു.
അതേസമയം, സിബിഐ അന്വേഷണത്തിന് നൽകിയ ഹർജിയിൽ അനുകൂല നിലപാട് എടുക്കുമെന്ന് മുഖ്യമന്ത്രി ശ്രീജിത്തിന് ഉറപ്പുനൽകി. ഹൈക്കോടതിയുടെ സ്റ്റേ മാറ്റാൻ നടപടി സ്വീകരിക്കുമെന്നും, കൂടാതെ പോലീസുകാർ പരിഹസിക്കുന്നു എന്ന ശ്രീജിത്തിന്റെ അമ്മയുടെ പരാതിയിൽ ഉടൻ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശ്രീജിവിന്റെ മരണത്തിനു കാരണമായവരെ ജോലിയിൽ നിന്നും നീക്കണമെന്ന ശ്രീജിത്തിന്റെ ആവശ്യം ന്യായമാണെങ്കിലും അതിൽ ചില നിയമ പ്രശ്നങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതോടെയാണ് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ഫലം ഉണ്ടാകില്ലേ എന്ന ചോദ്യം സോഷ്യൽ മീഡിയ ചോദിച്ചത്. ശ്രീജിത്തിനെ നേരിട്ട് ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രി ചർച്ചയ്ക്ക് ക്ഷണിച്ചത്.
ചർച്ചയ്ക്ക് ശേഷം ശ്രീജിത്തിന് എല്ലാ പിന്തുണയും നൽകുന്നതായി മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. സഹോദരന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിനോടൊപ്പമാണ് എന്റെ മനസ്സെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ആ കുടുംബം ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ്. അത് നിറവേറ്റാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.