ഇസ്രയേലില്‍ റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് രാത്രി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ആദ്യം ഡല്‍ഹിയിലെത്തിക്കും. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടാല്‍ നടപടികള്‍ വൈകാം. ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.
അതേസമയം സൗമ്യയുടെ മരണത്തില്‍ ഇസ്രയേല്‍ ഡെപ്യൂട്ടി അംബാസിഡര്‍ റോണി യെഡിഡിയ ക്ലീന്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തെ സഹായിക്കുമെന്നും എന്നാല്‍ ഒരു സഹായവും ഒരു ഭാര്യയുടേയും അമ്മയുടേയും നഷ്ടത്തിന് പരിഹാരമാകില്ലെന്ന് അവര്‍ പറഞ്ഞു.