ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു. ഗാസയില്‍ ആക്രമണം ശക്തമാക്കി ഇസ്രയേല്‍. തങ്ങളുടെ വ്യവസായ സമുച്ചയങ്ങളിലേക്ക് റോക്കറ്റ് ആക്രമണം നടത്തുന്ന പലസ്തീന്‍ സൈന്യത്തിനു മറുപടി നല്‍കുകയാണെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു. വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രയേല്‍. ഗാസ മുനമ്പില്‍ കൂടുതല്‍ പീരങ്കികള്‍ പ്രയോഗിക്കുകയും വ്യോമാക്രമണം നടത്തുകയും ചെയ്തു. ശത്രുത അവസാനിപ്പക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും നിലവില്‍ ഇല്ല. സംഘര്‍ഷം അഞ്ചാം ദിവസത്തിലേക്ക് കടന്നു. യുദ്ധസമാനമായ അന്തരീക്ഷമാണ് പശ്ചിമേഷ്യയില്‍ ഇപ്പോള്‍ ഉള്ളത്. ഹമാസ് തങ്ങള്‍ക്കെതിരെ ആക്രമണം നടത്തുകയാണെന്നും അതിനു മറുപടിയായി തങ്ങള്‍ വ്യോമാക്രമണം ശക്തമാക്കിയെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നു. ഡസന്‍ കണക്കിനു വ്യോമാക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തുന്നതെന്ന് ഗാസ നിവാസികള്‍ പറയുന്നു.
ഹമാസിനെതിരെ ഇസ്രയേല്‍ ആക്രമണം ശക്തമാക്കുകയാണ്. കൂടുതല്‍ സൈന്യത്തെ ഗാസ ബോര്‍ഡറിലേക്ക് വിന്യസിച്ചു. ഗ്രൗണ്ട് ഓപ്പറേഷന്‍ സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. റോക്കറ്റുകളുടെ എണ്ണം കൂട്ടിയാണ് ഇസ്രയേല്‍ കാത്തിരിക്കുന്നത്. ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.