കെഎസ്ആർടിസിയിൽ യാത്ര ചെയ്യവേ യുവതിയുടെ കണ്ണിൽ ഇരുമ്പ് കമ്പി കുത്തിക്കയറി; ഗുരുതര പരുക്ക്
ചങ്ങനാശ്ശേരി സർക്കാർ ആയുവേദ ആശുപത്രിയിലെ നേഴ്സായ അഞ്ജു ജോലി കഴിഞ്ഞ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വീട്ടിലേക്ക് പോകുകയായിരുന്നു.
കെഎസ്ആർടിസി യാത്രിക്കാരിയുടെ കണ്ണിൽ ഇരുമ്പ് കമ്പി കുത്തിക്കയറി. ചെങ്ങന്നൂർ ഗവ. ഐടിഐക്ക് സമീപം അങ്ങാടിക്കൽ കുമ്പിൾനിൽക്കുന്നതിൽ ജോയിയുടെ മകൾ അഞ്ജു(24)വിന്റെ കണ്ണിലാണ് കമ്പി കുത്തിക്കയറിയത്. ചെങ്ങന്നൂർ നഗരത്തിൽ കടയുടെ ഇറക്കിക്കെട്ടിന് ഉപയോഗിച്ച ഇരുമ്പ് കമ്പിയാണ് ഇടതു കണ്ണിൽ തുളച്ചു കയറിയത്.
ചങ്ങനാശ്ശേരി സർക്കാർ ആയുവേദ ആശുപത്രിയിലെ നേഴ്സായ അഞ്ജു ജോലി കഴിഞ്ഞ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വീട്ടിലേക്ക് പോകുകയായിരുന്നു. ചെങ്ങന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ ആശുപത്രിയോട് ചേർന്ന ബേക്കറിയുടെ ഇറക്കെട്ടിൽ നിന്ന് റോഡിലേക്ക് നീണ്ടു നിന്ന കമ്പിയാണ് യുവതിയുടെ കണ്ണിൽ തുളച്ചു കയറിയത്.
എട്ടടിയോളമുള്ള കമ്പിയിൽ വെയിൽ മറയ്ക്കുന്നതിന് ചണച്ചാക്ക് വലിച്ചു കെട്ടിയിട്ടുണ്ടായിരുന്നു. വീതി കുറഞ്ഞ തിരക്കുള്ള റോഡിൽ എതിരേ വന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ബസിൽ തട്ടിയ കമ്പി വഴുതി യുവതിയുടെ കണ്ണിലേക്ക് തുളച്ചു കയറുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.