സുവർണചകോരം വാജിബിന്; ഫിപ്രസി പുരസ്‌കാരം ന്യൂട്ടനും, ഏദനും - സഞ്ജു സുരേന്ദ്രന്‍ നവാഗത സംവിധായകന്‍
സുവർണചകോരം വാജിബിന്; ഫിപ്രസി പുരസ്‌കാരം ന്യൂട്ടനും, ഏദനും - സഞ്ജു സുരേന്ദ്രന്‍ നവാഗത സംവിധായകന്‍
രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ആൻമാരി ജാസിർ സംവിധാനം ചെയ്ത പലസ്തീൻ ചിത്രം വാജിബ് അർഹമായി. മികച്ച സംവിധായികയ്ക്കുള്ള രജതചകോരം അനുജ ബൂന്യവാട്നയും (മലില ദ ഫെയർവെൽ ഫ്ളവർ) നവാഗത സംവിധായകനുള്ള രജതചകോരം സഞ്ജു സുരേന്ദ്രനും (ഏദൻ) കരസ്ഥമാക്കി.
മാർകോ മുള്ളർ അധ്യക്ഷനായുള്ള ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എകെ ബാലന്‍ അധ്യക്ഷത വഹിച്ചു.
മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ബോളിവുഡ് ചിത്രം ന്യൂട്ടൻ (സംവിധായകൻ അമിത് മസൂർക്കർ) സ്വന്തമാക്കി. മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും (സംവിധായകൻ ദിലീഷ് പോത്തന്‍) നേടി.
കൊളംബിയൻ ചിത്രം കാന്‍ഡലേറിയ (സംവിധാനം- ജോണി ഹെന്‍ട്രിക്‌സ്) പ്രത്യേക ജൂറി പുരസ്‌കാരത്തിന് അര്‍ഹനായി. വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കൂറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം സമ്മാനിച്ചു.
എട്ട് ദിവസം നീണ്ടു നിന്ന മേളയില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള 190ല്‍ പരം ചിത്രങ്ങളാണു പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മൽസര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുമുള്‍പ്പെടെ 14 സിനിമകളുണ്ടായിരുന്നു. 14 മൽസരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി.