ശബരിമല സ്‌ത്രീ പ്രവേശനം; തന്ത്രിമാരെ സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചു
ശബരിമല സ്‌ത്രീ പ്രവേശനം; തന്ത്രിമാരെ സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചു
ശബരിമലയിൽ സ്‌ത്രീപ്രവേശനം അനുവദിച്ച വിഷയവുമായി ബന്ധപ്പെട്ട് തന്ത്രികുടുംബത്തെ സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് തന്ത്രികുടുംബവുമായി ചര്‍ച്ച നടത്തും. അതേസമയം, വിവിധ സംഘടനകൾ സുപ്രീംകോടതി വിധിയ്‌ക്ക് എതിരായി രംഗത്ത് വരുന്നുണ്ട്.
സുപ്രീംകോടതി വിധി എതിർത്ത ഹിന്ദു സംഘടനകൾ പറയുന്നത് അവരുടെ വിശ്വാസത്തിന് മുറിവേറ്റു എന്നാണ്. ഇതോടെ പ്രശ്‌നം സമവായത്തിലൂടെ പരിഹരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തി സമവായ നീക്കത്തിന് സര്‍ക്കാര്‍ ശ്രമം തുടങ്ങിയത്.
തലസ്ഥാനത്ത് തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് തുടങ്ങിയവര്‍ മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ സംബന്ധിക്കും. ദേവസ്വംബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും യോഗത്തില്‍ പങ്കെടുക്കും. സുപ്രീംകോടതിയുടെ വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഇവരെ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ ലക്ഷ്യമിടുന്നത്.