ആലപ്പുഴ: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി പോണേക്കര ഗായത്രി നിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പ് വീട്ടിൽ സിറിൽ (31) എന്നിവരാണ് അമ്പലപ്പുഴ പോലീസിന്റെ പിടിയിലായത്.
അമ്പലപ്പുഴ, പുറക്കാട് ഭാഗത്തുള്ള പത്ത് പേരിൽ നിന്നായി വർഷങ്ങൾക്ക് മുമ്പ് നാൽപ്പതു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ ഇരുവരും കോടികളുടെ തട്ടിപ് പല സ്ഥലങ്ങളിലായി നടത്തിയിട്ടുണ്ടെന്നാണ് സൂചന എന്ന് പോലീസ് വെളിപ്പെടുത്തി. സന്തോഷിന്റെ കളമശേരിയിലെ വീട്ടിൽ വച്ചാണ് സിറിൽ ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങിയതും. ജോലി വാഗ്ദാനം വിശ്വസിപ്പിക്കാനായി സന്തോഷ് ആ സമയം മേജറുടെ വേഷം ധരിച്ചു അവിടെയുണ്ടായിരുന്നു. ഇയാൾ മിലിറ്ററിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നു സിറിൽ മറ്റുള്ളവരെ ധരിപ്പിച്ചു.
സിറിൽ നൽകിയ ബാങ്ക് അക്കൗണ്ട് നമ്പർ അനുസരിച്ചു അതിലേക്ക് യുവാക്കൾ പണം നിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് ഇവർ തന്നെ തയ്യാറാക്കിയ കത്ത് പ്രകാരം അഭിമുഖത്തിനായി ബംഗളൂരുവിൽ കൊണ്ടുപോയി താമസിപ്പിക്കുകയും ചെയ്തു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞതോടെ താമസ സ്ഥലത്തെ പണം നൽകാത്തതിനാൽ യുവാക്കൾ അവിടെ കുടുങ്ങി. ചില യുവാക്കളെ യു.പിയിലും ഇതുപോലെ കൊണ്ടുപോയി താമസിപ്പിച്ചു. എന്നാൽ ജോലിയോ പണമോ ലഭിക്കാത്തതിനെ തുടർന്ന് ഇവർ പരാതിയുമായി അമ്പലപ്പുഴ പോലീസിൽ പരാതി നൽകുകയായിരുന്നു.