തിരുവനന്തപുരം: പി.ജി ഡോക്ടർ എന്ന് പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തട്ടിപ്പ് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ മാണിക്കവിളാകം പുതുവൽ പുത്തൻവീട്ടിൽ നിഖിൽ എന്ന 22 കാരനാണ് അറസ്റ്റിലായത്.
ആശുപത്രി ജീവനക്കാരാണ് ഇയാളെ പിടികൂടി മെഡിക്കൽ കോളേജ് പൊലീസിൽ ഏൽപ്പിച്ചത്. ഇവിടെ ഒന്നാം വാർഡ് മെഡിസിൻ യൂണിറ്റിൽ ചികിത്സയിലായിരുന്ന വിഴിഞ്ഞം സ്വദേശി റീനുവിനെയാണ് ഇയാൾ കബളിപ്പിച്ചത്. മുമ്പ് തന്നെ ഇരുവരും തമ്മിലുണ്ടായിരുന്ന പരിചയം മുതലെടുത്ത് ഇയാൾക്ക് കൂട്ടിരിക്കാൻ എന്ന പേരിൽ നിഖിൽ സ്റ്റെതസ്കോപ്പ് ധരിച്ചു ആശുപത്രിയിൽ കഴിഞ്ഞു. കൂട്ടത്തിൽ റിനുവിന് മാരക രോഗങ്ങളുണ്ടെന്നു പറഞ്ഞു പല തവണയായി കുറച്ചു പണവും കൈക്കലാക്കി.
റിനു നഴ്സുമാരുമായും ഡോക്ടർമാരുമായും സംസാരിച്ചതോടെ അവർക്കും സംശയം ഉണ്ടായി. തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ ഡോ.ശ്രീനാഥും ജീവനക്കാരും കൂടി ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.