തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇടുക്കി ജില്ലയിൽ നടത്തിയ വാഹന പരിശോധന വഴി നിയമ ലംഘനം നടത്തിയതിനു വാഹന ഉടമകളിൽ നിന്ന് 13 ലക്ഷം രൂപ ഈടാക്കി. ഒട്ടാകെ 831 നിയമ ലംഘനങ്ങളാണ് പിടികൂടിയത്.
റോഡപകടങ്ങൾ ഒഴിവാക്കാനായാണ് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നിരവധി വാഹന അപകടങ്ങളും ഇതുവഴി നിരവധി മരണങ്ങളും നടന്നത് സംബന്ധിച്ചാണ് വാഹന പരിശോധന കർശനമാക്കിയത്. തൊടുപുഴയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. ഇവിടെ നിന്നും മാത്രം അഞ്ചു ലക്ഷത്തോളം രൂപ പിഴ ഇനത്തിൽ വസൂലാക്കിയിട്ടുണ്ട്.
ഇതിനൊപ്പം നെടുങ്കണ്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. ഒട്ടാകെ 188 കേസുകളും രജിസ്റ്റർ ചെയ്തു. ജനുവരി മാസം മാത്രം ജില്ലയിൽ 10 പേരാണ് മരിച്ചത്.