വാരാപ്പുഴ: കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ മൃതദേഹമില്ലാതെ ഒഴിഞ്ഞ ശവപ്പെട്ടി മാത്രം നല്‍കിയ സംഭവം റിപ്പോര്‍ട്ട് ചെയ്തു. കടമക്കുടി പഞ്ചായത്തിലെ കൊത്താടാണ് സംഭവം അരങ്ങേറിയത്.
കഴിഞ്ഞ ദിവസമാണ് പ്രിന്‍സ് സിമേന്തി എന്നയാളെ പനിയെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചത്. എന്നാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ അദ്ദേഹം മരിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് മറ്റു നടപടികള്‍ പൂര്‍ത്തിയാക്കി. ഉച്ചയോടെ മൃതദേഹം വിട്ടു നല്‍കുകയും ചെയ്തു. ഇയാളുടെ നാല് സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് മൃതദേഹം കൊണ്ടുപോകാനായി പെട്ടി വാങ്ങി നല്‍കുകയും ചെയ്തു. പിന്നീട് മൃതദേഹമടങ്ങിയ പെട്ടി ഇവര്‍ക്ക് നല്‍കി.
പെട്ടിയുമായി ആംബുലന്‍സില്‍ ഇവര്‍ കോതാട് തിരുഹൃദയ പള്ളിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പെട്ടി തുറന്നപ്പോഴാണ് മൃതദേഹം ഇല്ലെന്നു കണ്ടത്. മൃതദേഹമില്ലാതെ പെട്ടി മാത്രമായി ആംബുലന്‍സ് ആശുപത്രിയില്‍ നിന്ന് പോയത് മനസിലാക്കിയ ആശുപത്രി അധികാരികള്‍ ബന്ധുക്കളെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
പിന്നീട് ആംബുലന്‍സ് ആശുപത്രിയിലെത്തി മൃതദേഹവുമായി പള്ളിയില്‍ തിരികെയെത്തി. തുടര്ന്ന് സംസ്‌കാര ചടങ്ങുകള്‍ കോവിഡ് മാനദണ്ഡം പാലിച്ചു നടത്തി.