കോവിഡ് മൂന്നാം തരംഗം കേരളത്തെ രൂക്ഷമായി ബാധിച്ചിരുന്നു. ഇന്ത്യയില്‍ മൂന്നാം തരംഗം പീക്കിലേക്ക് എത്തിയ ശേഷമാണ് കേരളത്തില്‍ മൂന്നാം തരംഗം തീവ്രമാകാന്‍ തുടങ്ങിയത്. മൂന്നാം തരംഗത്തില്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000 ന് മുകളിലും എത്തി.
ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം 50,000 ത്തില്‍ കൂടുതല്‍ ആയിരുന്നു. പിന്നീട് കേരളത്തിലും കോവിഡ് കര്‍വ് താഴാന്‍ തുടങ്ങി. ഫെബ്രുവരി 14 ന് 8,989 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലും മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. മൂന്നാം തരംഗം പീക്കിലേക്ക് എത്തിയ സാഹചര്യത്തിലും ആരോഗ്യസംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റി കടക്കാതിരിക്കാന്‍ കേരളം തീവ്ര പ്രയത്നം നടത്തിയിരുന്നു.
കോവിഡ് മഹാമാരിക്ക് മറ്റൊരു തരംഗമുണ്ടാകുമോ എന്ന പേടി എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍ ഇനിയൊരു നാലാം തരംഗം വന്നാലും മൂന്നാം തരംഗത്തെ നേരിട്ട പോലെ നേരിടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യസംവിധാനം. അതിനു പ്രധാന കാരണം വാക്‌സിനേഷന്‍ യജ്ഞത്തിലെ മുന്നേറ്റമാണ്. മൂന്നാം തരംഗം ഭയാനകമായ അവസ്ഥയിലേക്ക് പോകാതിരുന്നത് വാക്സിനേഷന്‍ കാരണമാണ്. വാക്സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയില്ല. കൂടുതല്‍ പേരും വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ് ചെയ്തത്. അതുകൊണ്ട് ആശുപത്രികളില്‍ ഐസിയു ബെഡുകള്‍ക്കും വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കും രണ്ടാം തരംഗത്തിലെ പോലെ ക്ഷാമമുണ്ടായില്ല.