കോവിഡ് മഹാമാരി അവസാനിക്കുന്നതിന്റെ ശുഭസൂചനകളാണ് രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്നത്. മൂന്നാം തരംഗത്തില്‍ ഭയപ്പെടുത്തുന്ന രീതിയില്‍ ഉയര്‍ന്ന പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. രണ്ടാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി അതിവേഗം ഉയയരുകയും അതേ വേഗത്തില്‍ തന്നെ താഴുകയും ചെയ്യുന്ന കര്‍വാണ് മൂന്നാം തരംഗത്തിലേത്.
ജനുവരി ആദ്യവാരം മുതലാണ് രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പിടിമുറുക്കാന്‍ തുടങ്ങിയത്. ജനുവരി ആദ്യ വാരത്തിന്റെ അവസാനത്തിലായി പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ജനുവരി ഏഴിന് 1,17,100 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ജനുവരി ആറിന് റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാളും 28 ശതമാനം കേസുകള്‍ കൂടുതല്‍. മുംബൈ, ഡല്‍ഹി പോലുള്ള വമ്പന്‍ നഗരങ്ങളിലാണ് രോഗബാധ അതിരൂക്ഷമായത്. മൂന്നാം തരംഗത്തിനൊപ്പം ഒമിക്രോണ്‍ സാന്നിധ്യവും കോവിഡ് വ്യാപനം സങ്കീര്‍ണമാക്കി.
ജനുവരി മധ്യത്തോടെ രാജ്യത്തെ കോവിഡ് കര്‍വ് അതിന്റെ മൂര്‍ധന്യാവസ്ഥയിലെത്തുന്ന കാഴ്ചയാണ് കണ്ടത്. ജനുവരി 24 ന് 3,06,064 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം 22,49,335 ആയി കുതിച്ചുയര്‍ന്നു. ആശുപത്രിയില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം ഉയര്‍ന്നത് ആരോഗ്യസംവിധാനങ്ങള്‍ക്ക് തിരിച്ചടിയായി. 241 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നമ്പറായിരുന്നു ജനുവരി 24 ന് സ്ഥിരീകരിച്ചത്.
ഫെബ്രുവരിയോടെ രാജ്യത്ത് മൂന്നാം തരംഗത്തിന്റെ കര്‍വ് താഴാന്‍ തുടങ്ങി. ഫെബ്രുവരി ഏഴിന് രാജ്യത്ത് 83,876 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 22 ശതമാനം കുറവായിരുന്നു ഇത്. പത്തില്‍ കൂടുതല്‍ ആയിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഫെബ്രുവരി ഏഴിന് 7.25 ആയി കുറഞ്ഞു. ഒരു മാസത്തിനിടെ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ കുറഞ്ഞത് ഫെബ്രുവരി ഏഴിനാണ്. പിന്നീട് ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും രോഗികളുടെ എണ്ണം കുറയുകയായിരുന്നു.
ഫെബ്രുവരി 13 ന് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 50,407 ആയി കുറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ യഥാക്രമം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 34113, 27409 എന്നിങ്ങനെയാണ്. വരുംദിവസങ്ങളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുമെന്നാണ് വിലയിരുത്തല്‍.
കോവിഡ് മൂന്നാം തരംഗം കേരളത്തില്‍
കോവിഡ് മൂന്നാം തരംഗം കേരളത്തെ രൂക്ഷമായി ബാധിച്ചിരുന്നു. ഇന്ത്യയില്‍ മൂന്നാം തരംഗം പീക്കിലേക്ക് എത്തിയ ശേഷമാണ് കേരളത്തില്‍ മൂന്നാം തരംഗം തീവ്രമാകാന്‍ തുടങ്ങിയത്. മൂന്നാം തരംഗത്തില്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ ഏറിയ പങ്കും കേരളത്തില്‍ നിന്നാണ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചു. ജനുവരി ഏഴിന് കേവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ജനുവരി 12ന് 12,000ന് മുകളിലും ജനുവരി 17ന് 22,000 ന് മുകളിലും എത്തി.
ഫെബ്രുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം 50,000 ത്തില്‍ കൂടുതല്‍ ആയിരുന്നു. പിന്നീട് കേരളത്തിലും കോവിഡ് കര്‍വ് താഴാന്‍ തുടങ്ങി. ഫെബ്രുവരി 14 ന് 8,989 പേര്‍ക്കാണ് കേരളത്തില്‍ കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തിലും മൂന്നാം തരംഗം അവസാനിക്കുന്നതിന്റെ സൂചനയാണ് ഇത് നല്‍കുന്നത്. മൂന്നാം തരംഗം പീക്കിലേക്ക് എത്തിയ സാഹചര്യത്തിലും ആരോഗ്യസംവിധാനത്തിന്റെ സര്‍ജ് കപ്പാസിറ്റി കടക്കാതിരിക്കാന്‍ കേരളം തീവ്ര പ്രയത്‌നം നടത്തിയിരുന്നു.
മൂന്നാം തരംഗത്തെ പ്രതിരോധിച്ചത് വാക്‌സിനിലൂടെ
മൂന്നാം തരംഗം ഭയാനകമായ അവസ്ഥയിലേക്ക് പോകാതിരുന്നത് വാക്‌സിനേഷന്‍ കാരണമാണ്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ കോവിഡ് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയില്ല. കൂടുതല്‍ പേരും വീടുകളില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ് ചെയ്തത്. അതുകൊണ്ട് ആശുപത്രികളില്‍ ഐസിയു ബെഡുകള്‍ക്കും വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്കും രണ്ടാം തരംഗത്തിലെ പോലെ ക്ഷാമമുണ്ടായില്ല.