നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയില്‍ ബിജെപി - ആര്‍എസ്എസ് നേതാക്കള്‍ക്കു പ്രത്യേക പരിഗണന ലഭിച്ചോ എന്ന ചോദ്യത്തിന്, ശബരിമലയില്‍ ക്രമസമാധാനത്തിനു ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമലയിലെ സ്ഥിഗതികൾ ശാന്തമാക്കുന്നതിന് മാത്രമാണ് ആര്‍എസ്എസ് നേതാവ് വല്‍സൻ തില്ലങ്കേരിയെ പൊലീസ് വിളിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ആര്‍എസ്എസ് നേതാവ് ക്രമസമാധാനച്ചുമതല ഏറ്റെടുക്കുകയും മെഗാഫോണ്‍ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
അടിയന്തര സാഹചര്യത്തില്‍ ക്ഷേത്രമുറ്റത്തെ സമാധാന അന്തരീക്ഷം നിലനിർത്താനും ബലപ്രയോഗം മൂലം സാധാരണ ഭക്തര്‍ക്കു പ്രശ്നം ഉണ്ടാകാതിരിക്കാനുമാണ് നടപടികള്‍ സ്വീകരിച്ചത്. ശബരിമലയില്‍ ക്രമസമാധാന ചുമതല എല്ലാ ഘട്ടത്തിലും പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു.