ശബരിമല സുരക്ഷാ ഡ്യൂട്ടിയിൽ നിൽക്കുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കണ്ണൂരിൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയിലാണ് പൊലീസിനേയും നിയമത്തേയും വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ പ്രസംഗം നടത്തിയത്.
ബൂട്ടിട്ട യതീഷിന്റെ കാൽ എത്ര ദൂരം പൊന്തുമെന്ന് ഇനി കാണണം. ലാത്തിയേക്കാൾ വലിയ ശക്തി ഞങ്ങൾക്കുണ്ട്. ഞങ്ങൾ മുറപ്രയോഗം നടത്താൻ തീരുമാനിച്ചാൽ കാലു പൊന്തിക്കാനാവില്ലെന്നു യതീഷ് ചന്ദ്ര ഓർക്കണം. അതുകൊണ്ട് നീതിയും നിയമവും ലംഘിക്കാൻ പൊലീസ് വരരുത്. ഭക്തരെ ബൂട്ടിട്ടു ചവിട്ടുന്ന പൊലീസ് രാജ് തുടർന്നാൽ ശബരിമലയിൽ പണം വരണോയെന്നു നാം ചിന്തിക്കും. ശബരിമലയിൽ നടവരവ് കുറഞ്ഞിട്ടുണ്ടെങ്കിൽ സമരത്തിലെ ബിജെപി നിലപാട് ശരിയായതുകൊണ്ടാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു.