ജന്മനാടിനെ ദുഃഖത്തിലാക്കി അഞ്ജനയ്ക്ക് കണ്ണീരോടെ വിട, വിവാഹ സാരിയില്‍ പൊതിഞ്ഞ് മൃതദേഹം
വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബാങ്ക് ജീവനക്കാരിയായ അഞ്ജനയുടെ വിയോഗം.
കുന്നത്തൂര്‍: വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബാങ്ക് ജീവനക്കാരിയായ അഞ്ജനയുടെ വിയോഗം. കൊല്ലം ശാസ്താംകോട്ട ഊക്കെന്‍മുക്ക് ജംഗ്ഷനു സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ച അഞ്ജന (25)ക്ക് ജന്മനാടിന്റെ കണ്ണീരില്‍ മുങ്ങിയ അന്ത്യാഞ്ജലി. ബാങ്കിലേക്ക് പോകുമ്പോ ഒരു സ്‌കൂള്‍ ബസ് അഞ്ജനയുടെ സ്‌കൂട്ടറില്‍ ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീഴുകയും തുടര്‍ന്ന് ഒരു സ്വകാര്യ ബസ് പുറത്ത് കയറി ഇറങ്ങുകയുമായിരുന്നു.
നോര്‍ത്ത് ശാരദാലയം തൊടിയൂരിലെ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് എസ്.ബി. മോഹനന്റെയും തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും തൊടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയുമായ അജിതയുടെയും മകളാണ് അഞ്ജന. രണ്ട് പെണ്‍മക്കളില്‍ ഇളയവളായിരുന്നു അവര്‍. അച്ഛന്‍ അഞ്ച് വര്‍ഷം മുമ്പ് മരിച്ചു. വീട്ടില്‍ അമ്മയെ സഹായിക്കാനും സ്വന്തം ജീവിതം കെട്ടിപ്പടുക്കാനും അഞ്ജന വളരെയധികം കഷ്ടപ്പെട്ടു. അഞ്ജനയുടെ ജോലിയെന്ന സ്വപ്നം സാക്ഷാത്കരിച്ചിട്ട് മാസങ്ങളായതേയുള്ളൂ.
ഒരു വര്‍ഷം മുമ്പാണ് വിവാഹം നിശ്ചയിച്ചത്. മൈനാഗപ്പള്ളിയിലെ കല്ലേലിഭാഗം സ്വദേശിയായ അഖിലുമായി അഞ്ജനയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഒക്ടോബര്‍ 19 നാണ് വിവാഹം നിശ്ചയിച്ചിരുന്നത്. രണ്ട് വീടുകളിലും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞ ദിവസമാണ് വിവാഹ വസ്ത്രങ്ങള്‍ വാങ്ങിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം, മൃതദേഹം വിവാഹ സാരിയില്‍ പൊതിഞ്ഞു. കരിംതോട്ടുവ സര്‍വീസ് സഹകരണ ബാങ്കില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം, രാത്രിയില്‍ മൃതദേഹം തൊടിയൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നു.