കാസർഗോഡ് ഐസൊലേഷൻ വാർഡിൽനിന്നും പിടികൂടിയ പൂച്ചകൾ ചത്തതിനെ തുടർന്ന് ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു. കാസർഗോഡ് ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്നും പിടികൂടിയ അഞ്ച് പൂച്ചകളൂടെ ആന്തരിക അവയവങ്ങളാണ് തിരുവനന്തപുരത്തെ ഇൻസ്റ്റിട്യൂട്ട് ഓഫ് അനിമൽ ഡിസീസ് സെന്ററിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്.
ചത്ത പൂച്ചകളെ പരിശോധിച്ചതിൽ കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയില്ല. കോവിഡ് വാർഡിൽ നിന്നും പിടികൂടിയ പൂച്ചകളെ കൂട്ടിലാക്കി നിരീക്ഷിച്ചുവരികയായിരുന്നു. ഇവയെ പിന്നിട് ചത്ത നിലയിൽ കണ്ടെത്തി. കൂടിനുള്ളിൽ വായു സഞ്ചാരം കുറഞ്ഞതാകാം മരണകാരണം എന്നാണ് അനുമാനം. മാർച്ച് 28ന് ശേഷമാണ് രണ്ട് ആൺ പൂച്ചകളെയും ഒരു പെൺ പൂച്ചയെയും രണ്ട് കുഞ്ഞുങ്ങളെയും പിടികൂടിയത്. കൂട്ടിലാക്കി രണ്ട് ദിവസത്തിനുള്ളിൽ പെൺ പൂച്ച ചത്തു. അധികം വൈകാതെ മറ്റു പൂച്ചകളും ചത്തു. പോസ്റ്റ്മോർട്ടം നടത്തിയതിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല.